എടപ്പാള്‍ നഗരത്തിലെ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് ഇരു ചക്ര വാഹനത്തിലെത്തിയ രണ്ട് പേര്‍ സ്ഫോടക വസ്തു പൊട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് . എടപ്പാള്‍ മേല്‍പാലത്തിന് താഴെ ഇന്നലെ വൈകിട്ടാണ് പൊട്ടിത്തെറിയുണ്ടായത്.
റൗണ്ട് എബൗട്ടിന്റെ ഒരു ഭാഗം ചെറിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. അപ്രത്യക്ഷമായി വലിയ രീതിയിലുള്ള പൊട്ടിത്തെറി ഉണ്ടായതോടെ അങ്ങാടിയില്‍ ഉണ്ടായവരും ആശങ്കയിലായി.
ഇരുചക്ര വാഹനത്തില്‍ എത്തിയ രണ്ട് പേര്‍ അല്‍പ നേരം റൌണ്ട് എ ബൗട്ടില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് , കോണ്‍ക്രീറ്റ് മതിലില്‍ സ്ഫോടക വസ്തു വെച്ചത് . പിന്നീട് സ്ഫോടക വസ്തുവിന് തീ കൊളുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. പട്ടാമ്പി ഭാഗത്ത് നിന്ന് എടപ്പാളിലേക്കുള്ള റോഡിലാണ് ഇരു ചക്ര വാഹനത്തിലുള്ളവര്‍ എത്തിയത് .സ്ഫോടക വസ്തു പൊട്ടിച്ച ശേഷം ഇവര്‍ പൊന്നാനി ഭാഗത്തേക്കുള്ള റോഡിലേക്ക് പോയി.
സ്‌ഫോടകവസ്തുവിന്റേതെന്ന് കരുതുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട് .നിലവില്‍ ഉഗ്ര ശേഷിയുള്ള പടക്കമാണോ മറ്റെന്തെങ്കിലുമാണോ പൊട്ടിത്തെറിച്ചതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.