പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും തന്നെ പുറത്താക്കിയ നടപടി പ്രതികാര നടപടിയാണെന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. അതേസമയം നിര്‍മാതാവും സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാനുമായ ആൻറോ ജോസഫിനെതിരെരെയും സാന്ദ്ര തോമസ് രംഗത്തെത്തി. ആന്‍റോ ജോസഫ് തന്നെ വളരെയേറെ ബുദ്ധിമുട്ടിപ്പിച്ചെന്നും ഇവരെപ്പോലുള്ളവരെ രാജാക്കൻമാരായി വാഴിക്കുകയാണെന്നും സാന്ദ്ര പ്രതികരിച്ചു.
സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തെളിഞ്ഞുവെന്നും, അതിൽ സ്ത്രീകളില്ലെന്നും സാന്ദ്ര പറഞ്ഞു. ഈ നടപടി ഒട്ടും പ്രതീക്ഷിച്ചില്ല. തൻറെ പരാതിക്ക് കാരണം ലൈംഗിക ചുവയോടെ സംസാരിച്ചതാണ്. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി തന്നെ അപമാനിച്ചു. ഭാരവാഹികൾ ലൈംഗിക ചുവയോടെ സംസാരിച്ചു. വനിതാ നിർമാതാവായ തനിക്ക് അപമാനം നേരിട്ടുവെന്നും അതിനാലാണ് പരാതി കൊടുത്തതെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സംഘടനയിൽ സ്ത്രീ സൗഹൃദ അന്തരീക്ഷമില്ല. തന്നെ നിശബ്ദയാക്കാൻ ശ്രമിക്കുന്നതിലൂടെ ബാക്കിയുള്ള സ്ത്രീകളെയും നിശബ്ദരാക്കാനാണ് ശ്രമിക്കുന്നത്. ഹേമ കമ്മറ്റി റിപ്പോർട്ടിന് ശേഷം മുന്നോട്ടുവന്നവരാരും ഇനി പരാതിയുമായി വരരുത് എന്നതാണ് അവരുടെ ലക്ഷ്യമെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.
അതേസമയം തന്നെപ്പോലുള്ളവരെ മാനസികമായി ബുദ്ധിമുട്ടിപ്പിച്ചുകൊണ്ട് അവർ വളരെ സന്തോഷത്തോടെ നടക്കുകയാണെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു. പുല്ലേപ്പടിയിൽ പ്രവർത്തിക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ബിൽഡിങ്ങിൽ സിസിടിവിയുണ്ട്. അവിടെ റൂമുകളുണ്ട്. എന്തിനാണ് ഈ റൂമുകളെന്നും അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അന്വേഷിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു. അസോസിയേഷനിലിരിക്കുന്ന പല ഭാരവാഹികളുടെയും സാമ്പത്തിക സ്രോതസുകൾ കൂടി അന്വേഷിക്കണം. എല്ലാ തെളിവുകളും എസ്ഐടിക്ക് സമർപിച്ചിട്ടുണ്ട്. താൻ നിയമനടപടിയിലേക്ക് പോകുമെന്നും സാന്ദ്ര വ്യക്തമാക്കി.