ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ പൊതുഭരണ വകുപ്പിലെ ജീവനക്കാര്‍ക്ക് നോട്ടീസ്. ആറ് ജീവനക്കാര്‍ക്കാണ് കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടയ്ക്കാന്‍ നിര്‍ദ്ദേശിച്ച് നോട്ടീസ് നല്‍കിയിട്ടുള്ളത്. അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ ആറ് പേരെ ജോലിയില്‍ നിന്ന് പിരിച്ചു വിടാന്‍ നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു.

പണം തിരിച്ചുപിടിച്ച ശേഷമായിരിക്കും തുടര്‍ നടപടി. 18 ശതമാനം പലിശ നിരക്കിലാണ് അനധികൃതമായി കൈപ്പറ്റിയ ക്ഷേമ പെന്‍ഷന്‍ തിരിച്ചടയ്‌ക്കേണ്ടത്. 22,600 മുതല്‍ 86,000 രൂപ വരെ തിരികെ അടയ്ക്കേണ്ടവരും ഇക്കൂട്ടത്തില്‍ ഉണ്ട്. പണം തിരിച്ചു പിടിച്ച ശേഷം തുടര്‍ നടപടി മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.

പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ക്കാണ് നിലവില്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. തട്ടിപ്പ് നടത്തിയ ജീവനക്കാരെ പിരിച്ചുവിടാനുള്ള ശിപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ആറ് പേരും ക്ഷേമ പെന്‍ഷന്‍ ബോധ പൂര്‍വ്വം തട്ടിയെടുത്തു എന്നാണ് കണ്ടെത്തല്‍.