ഇടുക്കി തൊടുപുഴയില്‍ പതിനൊന്നു വയസുകാരിയെ വില്‍പ്പനയ്ക്കെന്ന് ഫേസ്ബുക്കില്‍ പരസ്യം ചെയ്തത് രണ്ടാനമ്മയെന്ന് പൊലീസ്. കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യത്തെ തുടര്‍ന്ന് രണ്ടാനമ്മ ആണ് സാമൂഹ്യ മാധ്യമത്തിലൂടെ പെണ്‍കുട്ടിയെ വില്‍പ്പനയ്ക്ക് വച്ചത്. പതിനൊന്ന് വയസുള്ള പെണ്‍കുട്ടിയ്ക്ക് ഒരു മണിക്കൂറിന് രണ്ടായിരം രൂപ എന്ന പരസ്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.
നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ കുട്ടിയുടെ പിതാവിനെയാണ് കേസില്‍ പൊലീസ് ആദ്യം സംശയിച്ചത്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളൊന്നും അടുത്തിടെ ഉപയോഗിച്ചിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ പിതാവ് പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടാനമ്മയിലേക്കെത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
കുട്ടിയുടെ പിതാവിനോടുള്ള പക തീര്‍ക്കാന്‍ വേണ്ടിയാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത് എന്നാണ് രണ്ടാനമ്മ പൊലീസിനോട് പറഞ്ഞത്. പിതാവിന്റെ ക്രിമിനല്‍ പശ്ചാത്തലം കാരണം അമ്മ ഉപേക്ഷിച്ച് പോയതോടെയാണ് കുട്ടി രണ്ടാനമ്മയുടെ സംരക്ഷണയിലായത്.
രണ്ടാനമ്മയുടെ ആറ് മാസം പ്രായമുള്ള കുട്ടിയെ സംബന്ധിച്ച് ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ട്. ഈ തര്‍ക്കമാണ് പെണ്‍കുട്ടിയെ വില്‍പ്പനയ്‌ക്കെന്ന് കാട്ടി രണ്ടാനമ്മ ഫേസ്ബുക്ക് പോസ്റ്റിടുന്നതിലേക്ക് എത്തിയത്.
എന്നാല്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടും പൊലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് കടന്നിട്ടില്ല. പ്രതിയ്ക്ക് ആറ് മാസം പ്രായമുള്ള കുഞ്ഞുള്ളതിനാലാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തത്. പ്രതിയുടെ അറസ്റ്റ് സംബന്ധിച്ച് പൊലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടിയിട്ടുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം ലഭിച്ച ശേഷം പ്രതിയെ കസ്റ്റഡിയില്‍ എടുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.