കേരളത്തിന് പിന്നാലെ കര്‍ണാടകയും വാഹന നികുതി വെട്ടിപ്പുകാരെ പിടികൂടുന്നു; കന്നഡ സിനിമതാരം ദര്‍ശനെതിരേ അന്വേഷണം ആരംഭിച്ചു

ഫഹദ് ഫാസില്‍, അമല പോള്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ക്ക് പിന്നാലെ വാഹന നികുതിവെട്ടിപ്പുമായി മറ്റൊരു സിനിമാ താരവും. കന്നഡ സിനിമയിലെ യുവതാരമായ ദര്‍ശനാണ് ഏറ്റവുമൊടുവില്‍ നികുതി വെട്ടിപ്പില്‍ കുടുങ്ങിയിരിക്കുന്നത്.

ഇയാള്‍ക്കെതിരെ കര്‍ണാടക സര്‍ക്കാരിന്റെ വാഹന രജിസ്‌ട്രേഷന്‍ വിഭാഗം അന്വേഷണം തുടങ്ങി. ദര്‍ശന്റെ ലംബോര്‍ഗിനി കര്‍ണാടയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ വാഹനവിലയുടെ 18 ശതമാനം നികുതിയും മറ്റ് നികുതികളും സെസും അടയ്‌ക്കേണ്ടി വരുമായിരുന്നു. എന്നാല്‍ വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ വന്‍ തുകയാണ് ദര്‍ശന്‍ ലാഭം നേടിയത്.

സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സംസ്ഥാനത്ത് നികുതി അടയ്‌ക്കേണ്ടതില്ല. ഒരു വര്‍ഷത്തിന് ശേഷം രജിസ്‌ട്രേഷന്‍ സംസ്ഥാനത്തേക്ക് മാറ്റണം. നികുതി വെട്ടിച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹന ഉടമകള്‍ക്കെതിരെ കേരളം നടപടി ശക്തമാക്കിയ സാഹര്യത്തില്‍ കര്‍ണാടകവും നടപടി തുടങ്ങിയിരിക്കുകയാണ്.

Read more

ദര്‍ശന്റെ കാര്‍ ഉള്‍പ്പെടെ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറുകളുടെ പട്ടിക കര്‍ണാടക സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. കൂടുതല്‍ താരങ്ങള്‍ അടുത്ത ദിവസം കുടുങ്ങുമെന്ന കര്‍ണാടക മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന.