വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ പാലക്കാട് സ്വദേശി അറസ്റ്റില്‍. കരിപ്പൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായത്. പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് ആണ് കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. ഇ മെയിലിലൂടെയാണ് ഇയാള്‍ എയര്‍ ഡയറക്ടര്‍ക്ക് സന്ദേശം അയച്ചത്.
വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു പ്രതിയുടെ സന്ദേശം. ഇതേ തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുക്കുകയായിരുന്നു. പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാളെ റിമാന്റ് ചെയ്തിട്ടുണ്ട്. അതേസമയം മഹാരാഷ്ട്രയിലും സമാന സംഭവത്തില്‍ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ഗോന്തിയ ജില്ലയിലെ ജഗദീഷ് ഉയ്ക്ക ആണ് വ്യാജ ബോംബ് ഭീഷണിയ്ക്ക് പിന്നിലുള്ളതാണെന്നാണ് നാഗ്പൂര്‍ സിറ്റി പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയത്. ജഗദീഷ് ഉയ്ക്ക ഒളിവിലാണെന്നും നാഗ്പൂര്‍ സിറ്റി പൊലീസ് അറിയിച്ചു. ഇയാള്‍ തീവ്രവാദത്തെ കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുള്ളതായും പൊലീസ് അറിയിച്ചു.
ഡിസിപി ശ്വേത ഖേഡ്കറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ പിടികൂടാനായി മഹാരാഷ്ട്ര പൊലീസിന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. നേരത്തെ 2021ല്‍ മറ്റൊരു കേസില്‍ ജഗദീഷ് ഉയ്ക്കയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജഗദീഷ് ഉയ്ക്ക പ്രധാനമന്ത്രിയുടെ ഓഫീസ്, എയര്‍ലൈന്‍ ഓഫീസുകള്‍, റെയില്‍വേ മന്ത്രി, ഡിജിപി തുടങ്ങിയവര്‍ക്ക് ജഗദീഷ് ഉയ്ക്ക ഇ മെയില്‍ അയച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തുന്നവരെ വിമാനയാത്രയില്‍ നിന്ന് ബാന്‍ ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്ര സര്‍ക്കാര്‍.