സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷിയായി

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിൽ വഴിത്തിരിവ്. സ്വപ്നക്കായി വ്യാജരേഖയുണ്ടാക്കിയ രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷിയായി. സച്ചിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. സച്ചിനെ മാപ്പുസാക്ഷിയാക്കുന്നതിൽ എതിർപ്പില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റെ അപേക്ഷതിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. 19 ന് സച്ചിൻ്റെ മൊഴി കോടതി രേഖപ്പെടുത്തും.

സ്‌പേസ് പാർക്കിലെ നിയമനത്തിനായി സ്വപ്ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. മഹാരാഷ്ട്രയിലെ ബാബാ അംബേക്കർ യൂണിവേഴ്സിറ്റിയുടെ പേരിലാണ് വ്യാജ രേഖയുണ്ടാക്കിയത്. സംഭവത്തില്‍ കണ്ടോൻമെന്‍റ് പൊലീസാണ് സ്വപ്ന സുരേഷിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ സച്ചിൻ ദാസ് പഞ്ചാബ് സ്വദേശിയായിരുന്നു.

സ്വപ്നക്കെതിരായ വ്യാജ ബിരുദം സംബന്ധിച്ച കേസിൽ പൊലീസ് നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസ് അന്വേഷണം നടത്തിയ കൺടോൺമെന്റ് പൊലീസ് സർക്കിൾ ഇൻസ്പെക്ടറാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി മൂന്നിൽ കുറ്റപത്രം സമർപ്പിച്ചത്. സ്വപ്ന സുരേഷും വ്യാജ രേഖയുണ്ടാക്കിയ സച്ചിൻ ദാസും മാത്രമാണ് പ്രതികൾ. സ്വപ്നക്ക് ജോലി കൊടുത്തതിന്‍റെ പേരിൽ നേരത്തെ സർക്കാർ സസ്പെൻഡ് ചെയ്ത എം ശിവശങ്കറിനെ പൂർണ്ണമായും വെള്ളപൂശിയായിരുന്നു കുറ്റപത്രം.

വ്യാജ നിയമനം ശിവശങ്കറിന്റെ അനുമതിയോടെയാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ശിവശങ്കറിനെയും കൺസൾട്ടൻസികളെയും രക്ഷപ്പെടുത്തിയാണ് കുറ്റപത്രം. മുംബൈ ആസ്ഥമായ ബാബ സാഹിബ് അംബേക്കർ സർവ്വകലാശാലയുടെ പേരിലാണ് സർട്ടിഫിക്കറ്റുണ്ടാക്കിയത്. ശിവശങ്കറിന്റെ അറിവോടെയാണ് നിയമനമെന്ന സ്വപ്നയുടെ വെളിപ്പെടുത്തൽ പൊലീസ് പരിശോധിച്ചില്ല. വ്യാജ ബിരുദം നൽകിയാണ് ഐടി വകുപ്പിന് കീഴിലെ സ്പെയ്സ് പാർക്കൽ സ്വപ്ന നിയമനം നേടിയത്.