ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസിലെ ഒന്നാം പ്രതി നാരായണ ദാസ് അറസ്റ്റിൽ. ബാംഗ്ലൂരിൽ നിന്നാണ് നാരായണ ദാസിനെ പിടികൂടിയിരിക്കുന്നത്. പ്രതിയെ നാളെ നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ ഒളിവിൽ പോവുകയായിരുന്നു നാരായണ ദാസ്.
ചാലക്കുടി പോട്ട സ്വദേശിയായ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കാൻ ഷീലാ സണ്ണിയുടെ ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നൽകിയത് നാരായണ ദാസ് ആയിരുന്നു. കേസിൽ ഒന്നാംപ്രതിയാണ് നാരായണദാസ്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഡിവൈഎസ്‌പി വികെ രാജുവിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കുന്നതിനായ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
ഷീലാ സണ്ണിക്കെതിരെ നടന്ന ഗൂഢാലോചന ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. സംഭവത്തില്‍ പ്രതിയായ നാരായണ ദാസിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കോടതിയില്‍ നിന്ന് ഒരു സഹതാപവും നാരായണ ദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാൽ പറയുകയും ഉണ്ടായി. ഷീല സണ്ണി 72 ദിവസത്തിനടുത്ത് ജയിലില്‍ കഴിഞ്ഞു എന്നാൽ നാരായണ ദാസ് 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Read more
2023 മാര്‍ച്ച് 27 നാണ് ഷീലാ സണ്ണിയുടെ സ്കൂട്ടറില്‍ നിന്നും ബാഗില്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് പറയുന്ന വസ്തുക്കള്‍ പിടികൂടിയത്. 72 ദിവസം ഷീലാ സണ്ണി ജയിലാവുകയും ചെയ്തു. പിന്നീട് നടത്തിയ രാസ പരിശോധനയില്‍ വ്യാജ ലഹരിയാണെന്ന് വ്യക്തമായതോടെ ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുകയായിരുന്നു. ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണ ദാസ് ആണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.