കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ്ചന്ദ്ര ഐപിഎസിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. യതീഷ്ചന്ദ്രയുടെ പേരും ചിത്രങ്ങളും ഉപയോഗിച്ചാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഭവത്തിന് പിന്നാലെ കൊച്ചി സൈബര്‍ ക്രൈം പൊലീസ് കേസെടുത്തിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ഹൈക്കോടതി അഭിഭാഷകനായ അഡ്വ കുളത്തൂര്‍ ജയ്സിങിന് യതീഷ് ചന്ദ്രയുടെ പേരും യൂണിഫോമിലുള്ള ഔദ്യോഗിക ചിത്രങ്ങളും ഉപയോഗിച്ചുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചിരുന്നു. ഇതില്‍ സംശയം തോന്നിയ അഭിഭാഷകന്‍ യതീഷ് ചന്ദ്രയെ ഫോണില്‍ വിളിച്ച് ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമെന്നത് ഉറപ്പാക്കിയിരുന്നു.
Read more
ഇതിന് ശേഷമാണ് കൊച്ചി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭാരതീയ ന്യായ സംഹിത 319 (2), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000-ലെ 66(C), 66(D) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇന്‍സ്പെക്ടര്‍ സന്തോഷ് ആര്‍പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.