വ്യാജ എല്‍എസ്ഡി കേസ്; ഷീല സണ്ണിയുടെ ജീവിതം മാറ്റി മറിച്ചതിന് പിന്നില്‍ കൊടും ക്രിമിനലിന്റെ ബുദ്ധി; കെടുകാര്യസ്ഥതയില്‍ എക്‌സൈസ് തകര്‍ത്തത് ഒരു സ്ത്രീയുടെ ജീവിതം

ലഹരി ഉപയോഗിക്കാത്ത നിങ്ങളുടെ ബാഗില്‍ നിന്നോ വാഹനത്തില്‍ നിന്നോ എക്‌സൈസ് ഉദ്യോഗസ്ഥര്‍ എല്‍എസ്ഡി സ്റ്റാംപുകള്‍ കണ്ടെടുക്കുന്നു. ലഹരിയുമായി ഒരു ബന്ധവുമില്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും നിങ്ങള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് 72 ദിവസം ജയിലില്‍ അടയ്ക്കുന്നു. പത്ര-ദൃശ്യ മാധ്യമങ്ങള്‍ സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടെ ഈ വാര്‍ത്ത ഒരു ആഘോഷമാക്കുന്നു. ഇത്രയും സംഭവിക്കുന്നത് ഒരു സ്ത്രീയ്ക്കാണെങ്കിലോ? അതും സംരംഭകയായ ഒരു സ്ത്രീയ്ക്ക്.

ജയില്‍വാസം അനുഭവിക്കുന്ന കാലത്ത് തന്നെ എക്‌സൈസ് പിടിച്ചെടുത്ത എല്‍എസ്ഡി സ്റ്റാംപ് എന്ന മാരക ലഹരി മരുന്ന് വ്യാജമാണെന്ന് രാസപരിശോധനയില്‍ തെളിയുന്നു. എന്നാല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് പറ്റിയ തെറ്റ് മറച്ചുവയ്ക്കാന്‍ പരിശോധന ഫലം പുറത്ത് വിടുന്നില്ല. എന്താല്ലേ?

ഇതൊരു കഥയല്ല. തൃശൂരില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായിരുന്ന ഷീല സണ്ണി എന്ന സ്ത്രീയുടെ ജീവിതം മാറ്റി മറിച്ച ദിവസങ്ങളുടെ ചരിത്രമാണ്. 2023 ഫെബ്രുവരി 27ന് ഇരിങ്ങാലക്കുട എക്‌സൈസ് ഓഫീസില്‍ ഇന്റര്‍നെറ്റ് കോളിലൂടെ ഒരു വിവരമെത്തുന്നു. ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ഷീ സ്റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ രാസ ലഹരി വില്‍പ്പന നടത്തുന്നു. വൈകുന്നേരം പരിശോധന നടത്തിയാല്‍ ഇവരെ പിടികൂടാനാകും. അവരുടെ ബാഗിലോ വാഹനത്തിലോ പരിശോധിച്ചാല്‍ ലഹരി വസ്തുക്കള്‍ കണ്ടെത്താനാകും.

കര്‍മ്മനിരതനായ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശനും സംഘവും രണ്ടാമതൊന്ന് ചിന്തിക്കാന്‍ നിന്നില്ല. ഷീല സണ്ണിയെ പിടികൂടുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എല്‍എസ്ഡി സ്റ്റാംപുകള്‍ കണ്ടെടുക്കുന്നു.

രാസലഹരിയുമായി പിടികൂടിയ സ്ത്രീയ്ക്ക് എത്രത്തോളം വാര്‍ത്താ പ്രാധാന്യമുണ്ടെന്ന് എക്‌സൈസിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എക്‌സൈസ് സംഘത്തിന്റെ കണ്ണുകളില്‍ ഷീലയുടെ കണ്ണീരിന് സ്ഥാനമുണ്ടായിരുന്നില്ല. പ്രതിയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാനോ, ഇവരിലേക്ക് ലഹരിയെത്തിയ ഉറവിടം അന്വേഷിക്കാനോ എക്‌സൈസിന് താത്പര്യവും തോന്നിയില്ല.

രാസലഹരി വ്യാപാരം നടത്തുന്ന ഒരു സ്ത്രീയും രക്ഷപ്പെടരുതെന്ന കെ സതീശന്റെയും കൂട്ടരുടെയും നിശ്ചയദാര്‍ഢ്യം അന്ന് വൈകുന്നേരം തന്നെ വാര്‍ത്താ കുറിപ്പും പുറത്തിറക്കി. ഷീല സണ്ണിയെ കേസ് ചാര്‍ജ്ജ് ചെയ്ത് റിമാന്‍ഡ് ചെയ്യുമ്പോഴേക്കും കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളിലെല്ലാം തന്നെ ഈ വീട്ടമ്മയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടെ വാര്‍ത്തയും പുറത്ത് വന്നിരുന്നു.

ചെയ്യാത്ത ഒരു തെറ്റിന് അതും രാസ ലഹരി കച്ചവടത്തിന്റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ഒരു സ്ത്രീയുടെ അല്ലെങ്കില്‍ ഒരു നിരപരാധിയുടെ ജയില്‍ ദിനങ്ങള്‍ വിവരണാതീതമാണ്. സൗഹൃദത്തോടെയും സ്‌നേഹത്തോടെയും പെരുമാറിയ വേണ്ടപ്പെട്ടവരെല്ലാം ഒറ്റപ്പെടുത്തിയ ദിനങ്ങള്‍. വേദനയുടെയും ചതിയുടെയും ഇരുള്‍മൂടിയ 72 ദിനങ്ങള്‍ ഷീല സണ്ണിയ്ക്ക് ഇരുമ്പഴിക്കുള്ളില്‍ തള്ളിനീക്കേണ്ടി വന്നു.

ഷീലയില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്ത എല്‍എസ്ഡി സ്റ്റാംപുകള്‍ ഇതിനിടയില്‍ രാസപരിശോധയ്ക്ക് അയച്ചിരുന്നു. കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറി ഡിപ്പാര്‍ട്ട്‌മെന്റ്ിന്റെ റിപ്പോര്‍ട്ടില്‍ പിടിച്ചെടുത്തവ ലഹരി വസ്തുക്കള്‍ അല്ലെന്നും, വ്യാജമാണെന്നും കണ്ടെത്തി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശനും കൂട്ടരും തങ്ങള്‍ക്ക് പറ്റിയ അബദ്ധം അപ്പോഴാണ് മനസിലാക്കിയത്.

റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ തങ്ങള്‍ക്ക് എട്ടിന്റെ പണി കിട്ടുമെന്ന് മനസിലാക്കിയ സതീശനും കൂട്ടരും റിപ്പോര്‍ട്ട് മറച്ചുവച്ചു. പിന്നീട് റിപ്പോര്‍ട്ട് പുറത്തായതോടെ ഷീല സണ്ണിയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പുറത്തായ റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. തന്റെ വാഹനം അറസ്റ്റിലാകുന്നതിന് തലേ ദിവസം മരുമകളും അവരുടെ സഹോദരിയും ഉപയോഗിച്ചിരുന്നതായും, കേസില്‍ ഗൂഢാലോചന സംശയിക്കുന്നതായും ഷീല കോടതിയെ അറിയിച്ചു.

തുടര്‍ന്ന് ഷീല സണ്ണി നടത്തിയ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. സംശയത്തിന്റെ മുള്‍മുനയില്‍ നിന്ന ഷീലയുടെ മരുമകളുടെ സഹോദരി ഷീലയ്‌ക്കെതിരെ തിരിഞ്ഞതോടെ കേസിന്റെ പോക്ക് എങ്ങോട്ടാണെന്ന് അന്വേഷണ സംഘത്തിനും വ്യക്തമായി. എന്നാല്‍ പ്രത്യക്ഷത്തില്‍ തെളിവുകളൊന്നും കാലടി സ്വദേശിനിയും ഷീലയുടെ മരുമകളുടെ സഹോദരിയുമായ ലിവിയ ജോസിനെതിരെ കേസില്‍ ആദ്യം ലഭിച്ചിരുന്നില്ല.

ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ട് പോകുന്നതിനിടയിലാണ് എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റില്‍ വ്യാജ വിവരം നല്‍കിയ ഇന്റര്‍നെറ്റ് കോളിന്റെ ഉറവിടം കണ്ടെത്തിയത്. ലിവിയ ജോസിന്റെ സുഹൃത്ത് കൂടിയായ തൃപ്പുണ്ണിത്തുറ സ്വദേശി നാരായണദാസ് എന്ന് 52കാരനായിരുന്നു വ്യാജ സന്ദേശത്തിന് പിന്നില്‍. ഇയാള്‍ക്ക് ബംഗളൂരുവില്‍ ബിസിനസ് ബന്ധങ്ങളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ലിവിയ ജോസും ബംഗളൂരുവിലാണ് താമസം.

നാരായണദാസിന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയെങ്കിലും ഇയാള്‍ ഇതുവരെയും മറുപടി നല്‍കിയിട്ടില്ല. നാരായണ ദാസിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നാരായണദാസ് എന്തുകൊണ്ടാവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ മടിക്കുന്നത്?

ആ ചോദ്യത്തിന് തീര്‍ച്ചയായും ഉത്തരമുണ്ട്. പക്ഷേ അത് മനസിലാക്കണമെങ്കില്‍ കുറച്ച് കാലം പിന്നോട്ട് പോകേണ്ടതുണ്ട്. കൃത്യമായി പറഞ്ഞാല്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2015 ഒക്ടോബര്‍ 9ന് തൃപ്പുണ്ണിത്തുറ സിഐ ബിജു പൗലോസ് നാരായണദാസ് ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബിസിനസുകാരനായ അജയഘോഷിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. കാറില്‍ വ്യാജ ബ്രൗണ്‍ ഷുഗര്‍ വച്ച് കര്‍ണാടക പൊലീസ് എന്ന വ്യാജേന രണ്ട് കോടി രൂപ തട്ടാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്.

ഇത് മാത്രമായിരുന്നില്ല നാരായണദാസിന്റെ ക്രമിനല്‍ പശ്ചാത്തലം. 2016ല്‍ പിറവം പൊലീസ് രജിസ്റ്റര്‍ ചെയ്ത കാര്‍ മോ,ണ കേസിലും, 2021ല്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടികൂടിയ സ്വര്‍ണം കുറഞ്ഞ വിലയ്ക്ക് വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് വാഴക്കാല സ്വദേശിയില്‍ നിന്ന് 28 ലക്ഷം തട്ടിയ കേസിലും നാരായണദാസ് പ്രതിയാണ്.

നാരായണദാസിനെ പോലൊരു ക്രമിനലിന്റെ വ്യാജ സന്ദേശത്തില്‍ നിരപരാധിയായ ഒരു സ്ത്രീയുടെ ജീവിതവും ജീവിത മാര്‍ഗ്ഗവും നഷ്ടപ്പെടുത്തിയ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന് പക്ഷേ നാരായണദാസിനെതിരെ നടപടിയെടുക്കാന്‍ യാതൊരു ആവേശവുമില്ല. വാര്‍ത്താ താരമാകാനുള്ള ആവേശത്തില്‍ കെ സതീശന്‍ ഉള്‍പ്പെടെയുള്ള എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഇടപെടലില്‍ ഷീല സണ്ണി നേരിടേണ്ടി വന്ന ദുരനുഭവത്തിന് ആര് സമാധാനം പറയും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ