ആലപ്പുഴയില്‍ കര്‍ഷകന്‍ വിഷം കഴിച്ചു; കൃഷിനാശത്തെ തുടര്‍ന്നെന്ന് സൂചന

ആലപ്പുഴ എടത്വയില്‍ നെല്‍ കര്‍ഷകന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോയിക്കല്‍മുക്ക് പുത്തന്‍പറമ്പില്‍ ബിനു തോമസ് (45) ആണ് വിഷം കഴിച്ചത്. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃഷിനാശത്തില്‍ മനംനോന്താണ് ആത്മഹത്യാ ശ്രമമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും എടത്വ പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ട് മങ്കോട്ട ഇല്ലം പള്ളിക്കടുത്ത് ബിനുവിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ ഷെഡിലാണ് വിഷം കഴിച്ച നിലയില്‍ ബിനുവിനെ കണ്ടെത്തിയത്. നെല്ലിന് അടിക്കുന്ന കീടനാശിനിയാണ് കഴിച്ചതെന്നാണ് വിവരം. എടത്വ കൃഷിഭവന്‍ പരിധിയില്‍ മങ്കോട്ട, ചട്ടുകം പാടശേഖരങ്ങളായി പാട്ടത്തിനെടുത്ത ഭൂമിയിലെ ബിനുവിന്റെ നാലേക്കറോളം വരുന്ന കൃഷി മഴയില്‍ നശിച്ചിരുന്നു.

Read more

ഇതിന് പിന്നാലെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് വിഷം കഴിച്ച് മരിക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. ബിനു അപകടനില തരണം ചെയ്തിട്ടില്ല. ഇദ്ദേഹത്തിന്റെ ഭാര്യ വിദേശത്താണ്. അമ്മയോടൊപ്പമായിരുന്നു ബിനു താമസിച്ചിരുന്നത്.