കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. വിഷം ഉള്ളിൽ ചെന്നതാണ് മരണ കാരണമെന്ന് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. വിഷം ഏതെന്ന് അറിയാൻ സാമ്പിളുകൾ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആത്മഹത്യ കുറുപ്പിലെ കൈയക്ഷരം പ്രസാദിന്റേത് തന്നെയാണെന്നാണ് പൊലീസ് നിഗമനം.
അമ്പലപ്പുഴ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെയാണ് തകഴി കുന്നുമ്മ അംബേദ്കർ കോളനിയിൽ താമസിക്കുന്ന കർഷകൻ കെജി പ്രസാദിനെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തുന്നത്. ബിജെപി കർഷക സംഘടനയുടെ ഭാരവാഹി കൂടിയാണ് പ്രസാദ്. സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു കർഷകന്റെ ആത്മഹത്യ.
പിആർഎസ് വായ്പയിൽ സർക്കാർ കുടിശിക വരുത്തിയത് തിരിച്ചടിയായെന്നും തന്റെ മരണത്തിന് സർക്കാർ ഉത്തരവാദിയാണെന്നുമായിരുന്നു
പ്രസാദ് തന്റെ ആത്മഹത്യാ കുറിപ്പെഴുതിയത്. പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പും മരിക്കുന്നതിന് മുൻപ് പ്രസാദ് തന്റെ വിഷമങ്ങൾ സുഹൃത്തിനോട് വിശദീകരിച്ച് കരയുന്ന ശബ്ദരേഖയും പുറത്തു വന്നിട്ടുണ്ട്. സർക്കാരാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് കത്തിലും ഫോൺ കാളിലും പ്രസാദ് സൂചിപ്പിക്കുന്നുണ്ട്.
Read more
പിആർഎസ് വായ്പാ തിരിച്ചടവ് വൈകിയതിനെ തുടർന്ന് സിബിൽ സ്‌കോർ കുറഞ്ഞതാണ് പ്രസാദിന് ബാങ്കുകളിൽ നിന്ന് മറ്റ് വായ്പകൾ നിഷേധിക്കപ്പെട്ടതിന് കാരണമായത്. താൻ അധ്വാനിച്ചുണ്ടാക്കിയ നെല്ല് കൊടുത്തതിന്റെ വിലയാണ് പിആർഎസ് ലോണെടുത്തത് ആയതെന്ന് കർഷകന്റെ കുറിപ്പിൽ പറയുന്നു. ഇത് പലിശസഹിതം കൊടുത്തുതീർക്കേണ്ട ബാധ്യത സർക്കാരിനാണെന്നും തന്റെ മരണത്തിന് തൊട്ടുമുൻപ് കർഷകൻ എഴുതിവച്ചിരുന്നു.