വയനാട്ടില്‍ പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹല ഷെറിനെ പരാമര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് നടത്തിയ പരാഹസത്തിന് മറുപടിയുമായി ഷഹലയുടെ മാതൃസഹോദരിയും മാധ്യമ പ്രവര്‍ത്തകയുമായ ഫസ്‌ന ഫാത്തിമ. ഏതോ ഒരു സ്‌കൂളിലെ കുട്ടിയെ പാമ്പ് കടിച്ചു എന്ന് കരുതി സംസ്ഥാനത്തുള്ള സ്‌കൂളുകളിലും മാളം ഉണ്ടോ എന്ന് നോക്കി നടക്കുകയാണ് അദ്ധ്യാപകരെന്നും വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റം ഉണ്ടാവുന്നില്ലെന്നും പറഞ്ഞായിരുന്നു കെ. പി മജീദിന്റെ പരിഹാസം.
സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിക്കവെ കെ.പി.എ മജീദ് നടത്തിയ പരാമര്‍ശത്തെയാണ് ഫസ്‌ന വിമര്‍ശിച്ചത്. “അത്യന്തം വേദനയോടെ പറയട്ടെ എന്റെ മോളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. അത് എന്ത് ലാഭത്തിന്റെ പേരിലാണെങ്കിലും ന്യായീകരിക്കാന്‍ കഴിയില്ല. അവള്‍ ആര്‍ക്കും ആരുമല്ലാതിരിക്കാം, ഏതോ ഒരു കുട്ടിയുമായിരിക്കാം, പക്ഷേ ഞങ്ങള്‍ക്ക് ഞങ്ങളുടെ ജീവനായിരുന്നു അവള്‍. അവളില്ലാത്ത ഞങ്ങളുടെ രണ്ടു വീടുകളും ശ്മശാനമൂകമാണ്- ഹസ്‌ന ഫെയ്സ്ബുക്കില്‍ കുറിച്ച കുറിപ്പില്‍ പറയുന്നു.
2019 നവംബറിലാണ് സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലാസ് മുറിയിലെ പൊത്തില്‍ നിന്നും പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരിയായ ഷഹല മരിച്ചത്. ബത്തേരിയിലെ നൊട്ടന്‍വീട് അഡ്വ. അബ്ദുല്‍ അസീസിന്റെയും അഡ്വ. സജ്‌ന ആയിഷയുടെയും മകളായിരുന്നു ഷഹല ഷെറിന്‍.