ഇന്ത്യയിലെ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ്; ഡോക്ടർ മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു

ഹൃദയാരോഗ്യ വിദഗ്ദ്ധൻ ഡോക്ടർ മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ പ്രശസ്തമായ അപ്പോളോ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. ഇന്ത്യയിലെ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നാണ് ഡോക്ടർ മാത്യു സാമുവൽ അറിയപ്പെടുന്നത്. 1986ൽ ഡോ. മാത്യു കളരിക്കലാണ് ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആൻജിയോപ്ലാസ്റ്റി നടത്തിയത്.

1948-ൽ കോട്ടയത്തായിരുന്നു ജനനം. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പഠനത്തിനു ശേഷം ചെന്നൈയിലായിരുന്നു ഉപരിപഠനം. 2000-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. സംസ്‌കാരം ഏപ്രിൽ 21 തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് കോട്ടയത്ത് മാങ്ങാനത്തെ വീട്ടിലെ ശുശ്രൂഷക്ക് ശേഷം മൂന്നു മണിയോടെ മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാർത്തോമ പള്ലി സെമിത്തേരിയിൽ നടക്കും.

1948 ജനുവരി 6ന് കോട്ടയത്ത് ജനിച്ച ഡോ. മാത്യു സാമുവൽ, ആലുവ യു.സി കോളജിൽ നിന്ന് ബിരുദം നേടി. തുടർന്ന് 1974ൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസും സ്റ്റാൻലി മെഡിക്കൽ കോളജ് എം.ഡിയും മദ്രാസ് മെഡിക്കൽ കോളജിൽ നിന്ന് കാർഡിയോളജിയിൽ ഡി.എം ബിരുദവും നേടി. പീഡിയാട്രിക് സർജറിയിൽ ട്യൂട്ടർ ആയാണ് ഡോ. മാത്യു സാമുവൽ മെഡിക്കൽ കരിയർ ആരംഭിക്കുന്നത്.

ചെന്നൈ അപ്പോളോ ഹോസ്പിറ്റൽ, ലീലാവതി ഹോസ്പിറ്റൽ, ബ്രീച്ച് കാൻഡി ഹോസ്പിറ്റൽ, മുംബയ് സൈഫി ഹോസ്പിറ്റൽ ഉൾപ്പെടെയുള്ല പ്രശസ്ത ആശുപത്രികളിൽ ഡോ. മാത്യു സാമുവൽ ജോലി ചെയ്തിട്ടുണ്ട്.