കായംകുളം വനിത പോളിടെക്‌നിക്കില്‍ എസ്എഫ്‌ഐയുടെ അട്ടിമറി വിജയത്തിന് പിന്നാലെ അഭിവാദ്യങ്ങളര്‍പ്പിക്കാനെത്തിയ ഓട്ടോ തൊഴിലാളിയെ കണ്ട് ചിലരൊക്കെ ആദ്യം അമ്പരന്നെങ്കിലും ചെയര്‍പേഴ്‌സണായി വിജയിച്ച ഹാഷിറയുടെ കണ്ണുകള്‍ നിറയുകയായിരുന്നു. ഹാഷിറയുടെ പിതാവ് ഹാരിസ് ആയിരുന്നു മകളെ അഭിവാദ്യം ചെയ്യാനായി ക്യാമ്പസിലേക്ക് കടന്നുവന്നത്.
ഓടിച്ചെന്ന് പിതാവിനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവയ്ക്കുന്ന ഹാഷിറയും മകളെ അഭിമാനത്തോടെ നെഞ്ചോട് ചേര്‍ത്ത് നില്‍ക്കുന്ന പിതാവിന്റെയും ദൃശ്യങ്ങള്‍ ഇതോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്. ചെയര്‍പേഴ്‌സണായി അട്ടിമറി വിജയം നേടിയ മകളെ അഭിവാദ്യം ചെയ്യുന്ന ഓട്ടോതൊഴിലാളിയായ വാപ്പ എന്ന തലക്കെട്ടോടെ മന്ത്രി പിഎ മുഹമ്മദ് റിയാസും തന്റെ ഫേസ്ബുക്കിലൂടെ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
ആകെ പോള്‍ ചെയ്ത 80 ശതമാനം വോട്ടുനേടിയാണ് ഹാഷിറ വിജയിച്ചതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. മുഹമ്മദ് റിയാസിനെ കൂടാതെ എഎ റഹീം എംപിയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.