കെ. റെയില്‍ റിപ്പോര്‍ട്ട് കോപ്പിയടിച്ചത്, രൂപരേഖ കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തലുമായി സാദ്ധ്യതാപഠനം നടത്തിയ സംഘത്തലവന്‍

സംസ്ഥാന സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രാഥമിക സാദ്ധ്യതാപഠനം നടത്തിയ സംഘത്തലവന്‍ അലോക് വര്‍മ്മ. പദ്ധതിയുടെ രൂപരേഖ വെറും കെട്ടുകഥയാണ്. വേണ്ടത്ര പഠനങ്ങള്‍ നടത്താതെയാണ് അത് തയ്യാറാക്കിയിരിക്കുന്നത്. കെ റെയിലിന്റെ മറവില്‍ വലിയ തോതിലുളള റിയല്‍ എസ്റ്റേറ്റ് കച്ചവടമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പദ്ധതിരേഖ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പദ്ധതി രൂപരേഖയില്‍ പ്രളയ, ഭൂകമ്പ സാദ്ധ്യത, ഭൂപ്രകൃതി, ഭൂഘടന, നീരൊഴുക്ക് എന്നിവയൊന്നും ഉള്‍പ്പെടുത്തിയട്ടില്ല. കെ റെയിലിന്റെ ബദല്‍ അലൈന്‍മെന്റിനെ കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടില്ല. സില്‍വര്‍ലൈനിന്റെ ഓരോ സ്‌റ്റേഷനുകളും നിശ്ചയിച്ചിരിക്കുന്നത് കൃത്രിമമായ ഡീറ്റൈല്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് വെച്ചാണ്. സ്റ്റേഷനുകളുടെ ക്രമീകരണത്തില്‍ വലിയ തെറ്റ് വരുത്തിയട്ടുണ്ട്. നഗരങ്ങളെ ഒഴിവാക്കി ഇടനാടുകളിലാണ് അവ ക്രമീകരിച്ചിരിക്കുന്നത്. 80 ശതമാനം മണ്ണിട്ട് നികത്തിയ പാതയിലൂടെ ഓടിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പ്രളയസാദ്ധ്യതയും, ഭൂപ്രകൃതിയെ കുറിച്ചുള്ള പഠനങ്ങളും ഒന്നും നടത്തിയിട്ടില്ല. ഇത് വലിയ പിഴവാണ്. ലീഡാര്‍ സര്‍വേ ഡാറ്റ അടിസ്ഥാനമാക്കി കെട്ടിച്ചമച്ചതാണ് പദ്ധതി.

പദ്ധതിയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് ഗേജ് മതിയോ ബ്രോഡ്‌ഗേജ് വേണോ എന്നതൊക്കെ തീരുമാനിക്കേണ്ടത് റെയില്‍വേയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ റെയില്‍വേയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് കൃത്രിമമായി ഉണ്ടാക്കിയതാണ്. സംസ്ഥാനത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്കായി മുമ്പ് ഡിഎംആര്‍സി തയ്യാറാക്കി നല്‍കിയ പദ്ധതിയുടെ റിപ്പോര്‍ട്ട് കോപ്പിയടിച്ചാണ് കെ റെയിലിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യന്‍ റെയില്‍വേയില്‍ ഏറെ കാലത്തെ പ്രവൃത്തിപരിചയമുള്ള ആളാണ് അലോക് വര്‍മ്മ. റെയില്‍വേ പാതകളുടെ ഡിസൈനിംഗ്, നിര്‍മ്മാണം എന്നീ മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചട്ടുണ്ട്.

അതേസമയം കെ റെയിലിന്റെ പിന്നില്‍ വലിയ കച്ചവട ലക്ഷ്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയെടുക്കാനാണ് ഇതിന് പിന്നിലുള്ളവര്‍ ശ്രമിക്കുന്നത്.