സിനിമാക്കാര്‍ക്കും സമൂഹത്തിലെ തെറ്റായ കാര്യങ്ങള്‍ തുറന്ന് പറയാന്‍ ഭയമാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പലര്‍ക്കും പലതും സംരക്ഷിക്കാനുണ്ട്. സൗകര്യങ്ങളും പദവികളുമൊക്കെ നോക്കിയിരിക്കുന്നവരാണ് ഏറെ പേരും. എന്തെങ്കിലും പറഞ്ഞാല്‍ ഇഡി വരുമോയെന്നാണ് അവരുടെയൊക്കെ ഭയമെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.
എഴുത്ത് ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് നല്‍കിയ സ്‌നേഹാദര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍. നല്ല കാര്യങ്ങള്‍ കണ്ടാല്‍ വിളിച്ച് പറയുന്ന ആളാണ് താനെന്നും അതുപോലെ ചീത്ത കാര്യങ്ങളെ കുറിച്ചും മടിയില്ലാതെ പറയുമെന്നും അടൂര്‍ വ്യക്തമാക്കി.
ശ്രീധരന്‍ പിള്ള അരനൂറ്റാണ്ടുകൊണ്ട് 200ലേറെ പുസ്തകങ്ങള്‍ എഴുതി. ഇത്രയും പുസ്തകങ്ങള്‍ എഴുതുന്നത് മനുഷ്യ സാധ്യമാണോയെന്ന് തോന്നും. എന്നാല്‍ ശ്രീധരന്‍ പിള്ളയ്ക്ക് അതിന് സാധിച്ചു. കലാബോധവും സാഹിത്യ ബോധവുമാണ് നല്ല ഭരണാധികാരികള്‍ക്ക് വേണ്ട ഗുണം. ഈ കഴിവുള്ളവരാണ് രാഷ്ട്രീയത്തിലും വരേണ്ടതെന്നും അടൂര്‍ പറഞ്ഞു.