കൊല്ലം നിലമേൽ ഇന്നലെ ഗവർണർ നടത്തിയ നാടകീയ രംഗങ്ങൾക്ക് പിന്നാലെ പോലീസിനെക്കൊണ്ട് രജിസ്റ്റർ ചെയ്യിച്ച എഫ്ഐആറിൻ്റെ പകർപ്പ് പുറത്ത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, സംസ്ഥാന ഗവർണർമാർ തുടങ്ങിയവരെ തടയുകയോ ജോലി തടസപ്പെടുത്തുകയോ ചെയ്താൽ പ്രത്യേകമായി ചുമത്തേണ്ട അതീവ ഗൗരവമായ ഏഴുവകുപ്പുകളാണ് കേസിൽ ചുമത്തിയിട്ടുള്ളത്.
കേസിലെ പ്രതികളെല്ലാം 23 വയസിൽ താഴെയുള്ളവരാണ്. ഗുരുതര വകുപ്പായ ഐപിസി 124 ആണ് പ്രധാന കുറ്റമായി ചുമത്തിയിരിക്കുന്നത്. നിയമവിരുദ്ധമായി കൂട്ടംകൂടുക, കയ്യിൽ ആയുധങ്ങൾ കരുതുക, ലഹളയുണ്ടാക്കുക, വഴിതടയുക, പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തുക എന്നിങ്ങനെ പോലീസിന് സ്റ്റേഷൻ ജാമ്യം അനുവദിക്കാനാകാത്ത ഒന്നിലേറെ വകുപ്പുകൾ കേസിലുണ്ട്.
ഒന്ന് മുതൽ 12 വരെ പ്രതികളുടെ പേരും വിലാസവും സഹിതം ചേർത്ത ശേഷം, കണ്ടലറിയാവുന്നവർ എന്ന് പറഞ്ഞാണ് അഞ്ചുപേരെ ചേർത്തിരിക്കുന്നത്. പേരെടുത്ത് പറഞ്ഞിട്ടുള്ള പ്രതികളെല്ലാം 19 മുതൽ 23 വയസ് വരെ മാത്രം പ്രായമുളളവരാണ്. പ്രതിപ്പട്ടികയിൽ ഒരാൾ പെൺകുട്ടിയുമാണ്. ചടയമംഗളം പൊലീസാണ് കേസെടുത്തിരിക്കുന്നത്. സ്വമേധയാ കേസെടുക്കുന്നതായി പറയുന്ന എഫ്ഐആറിൽ പരാതിക്കാരൻ അല്ലെങ്കിൽ വിവരം നൽകിയയാൾ എന്ന കോളത്തിൽ ചടയമംഗലം സർക്കിൾ ഇൻസ്പെക്ടർ എൻ സുനീഷിൻ്റെ പേരും ചേർത്തിട്ടുണ്ട്.
ഇന്നലെ രാവിലെ പത്തരയോടെയാണ് കൊല്ലം നിലമേലിൽ വെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ വാഹനവ്യൂഹത്തിന് മുന്നിൽ എസ്എഫ്ഐയുടെ പ്രതിഷേധക്കാർ ചാടിവീണത്. തുടർന്ന് വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയ ഗവർണർ ഒന്നരമണിക്കൂർ വഴിയരികിൽ കസേരയിട്ടിരുന്ന് പോലീസിനെ മുൾമുനയിൽ നിർത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യിച്ച് കോപ്പിയും കൈയ്യിൽ വാങ്ങി പരിശോധിച്ച ശേഷമാണ് മടങ്ങിയത്.