റെയിൽവേ പാളത്തിന് കുറുകെ പോസ്റ്റിട്ടത് അട്ടിമറിശ്രമമെന്ന് എഫ്‌ഐആർ; പ്രതികളുടെ മൊഴി രേഖപ്പെടുത്തി എൻഐഎ

റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവത്തിലെ സംഭവം ട്രെയിൻ അട്ടിറി ശ്രമമെന്ന് പൊലീസ് എഎഫ്‌ഐആർ. ജീവഹാനി വരുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് പോസ്റ്റ് കൊണ്ടിട്ടത് എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. പ്രതികളുടെ മൊഴി കഴിഞ്ഞ ദിവസം രാത്രി എൻഐഎ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

കൊല്ലം- ചെങ്കോട്ട പാതയിൽ കുണ്ടറയ്ക്കും എഴുകോണിനുമിടയിലാണ് പാളത്തിനുകുറുകേ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. ഇളമ്പള്ളൂർ രാജേഷ് ഭവനിൽ രാജേഷ് (39), പെരുമ്പുഴ പാലപൊയ്ക ചൈതന്യയിൽ അരുൺ (33) എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. കുണ്ടറയിൽ എസ്‌ഐയെ ആക്രമിച്ച കേസിലടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ.

ടെലിഫോൺ പോസ്റ്റിനൊപ്പമുള്ള കാസ്റ്റ് അയൺ വേർപെടുത്തി ആക്രിയായി വിൽക്കുന്നതിനുവേണ്ടിയാണ് പോസ്റ്റ് കുറുകേവെച്ചതെന്നാണ് പ്രതികൾ പൊലീസിനോടു പറഞ്ഞത്. എന്നാൽ ഈ മൊഴി മുഖവിലയ്‌ക്കെടുക്കാതെയാണ് സംഭവം അട്ടിമറി ശ്രമമാണ് എന്ന നിലയിലേക്ക് തന്നെ പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്. കൂടുതൽപ്പേർക്ക് ഇതുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പാളത്തിൽ ആദ്യം പോസ്റ്റ് കണ്ടത്. സംഭവമറിഞ്ഞ് പൊലീസെത്തി നീക്കം ചെയ്തു. രണ്ടുമണിക്കൂറിനുശേഷം വീണ്ടും പാളത്തിൽ അതേയിടത്ത് പോസ്റ്റ് കണ്ടെത്തി. പാലരുവി എക്‌സ്പ്രസ് കടന്നുപോകുന്നതിന് മിനിറ്റുകൾക്ക് മുൻപായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.