കൊച്ചി തുറമുഖത്തെ വാര്‍ഫില്‍ അഗ്നിബാധ; തീപിടിച്ചത് സള്‍ഫര്‍ പ്ലാന്റ് കണ്‍വെയര്‍ ബെല്‍റ്റില്‍

കൊച്ചി തുറമുഖത്തെ എറണാകുളം വാര്‍ഫില്‍ അഗ്നിബാധ. സള്‍ഫര്‍ പ്ലാന്റ് കണ്‍വെയര്‍ ബെല്‍റ്റിനാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് ഇത് ക്യൂ – 10 ഷെഡിനു സമീപം കുട്ടിയിട്ടിരുന്ന സള്‍ഫറിലേക്കും പടര്‍ന്നു. കൊച്ചിയിലെ വിവിധ ഫയര്‍‌സ്റ്റേഷനുകളില്‍ നിന്നായി പത്തോളം യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

മട്ടാഞ്ചേരി നിന്നുള്ള 4 യൂണിറ്റ് ഫയര്‍ഫോഴ്‌സും കൊച്ചിന്‍ ഷിപ്പിയാര്‍ഡിലെ ഫയര്‍ഫോഴ്‌സും ആദ്യം തന്നെ സ്ഥലത്തെത്തിയിരുന്നു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. സര്‍ഫര്‍ കയറ്റുന്ന കണ്‍വെയര്‍ ബെല്‍റ്റിനാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സള്‍ഫര്‍ വീര്യം കൂടിയ വാതകമായതിനാല്‍ ശ്വാസ തടസം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും, അതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Read more

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തീ കൂടുതലിടത്തേക്ക് പടര്‍ന്നിട്ടില്ലെന്നും ജില്ല ഫയര്‍ ഓഫിസര്‍ കെ ഹരികുമാര്‍ പറഞ്ഞു. തീ പടര്‍ന്ന സമയത്ത് തന്നെ തീ അണയ്ക്കാനായി. കൂടുതല്‍ സ്ഥലത്തേക്ക് പടര്‍ന്നിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. എന്നാല്‍ മുന്‍കരുതലെന്ന നിലയില്‍ പ്രദേശത്ത് ഫയര്‍ഫോഴ്‌സിന്റെ നിരീക്ഷണം തുടരുമെന്നും കെ ഹരികുമാര്‍ പറഞ്ഞു.