കുളത്തൂപ്പുഴ പാം ഓയില്‍ ഫാമില്‍ തീപിടുത്തം; ഫാമില്‍ തീയിട്ടതാണെന്ന് അഭ്യൂഹം

കൊല്ലം കുളത്തൂപ്പുഴയില്‍ പാം ഓയില്‍ ഫാമില്‍ തീപിടുത്തം. പാം ഓയില്‍ ഫാമിന്റെ കണ്ടച്ചിറ എസ്റ്റേറ്റിലാണ് തീപിടുത്തം. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തീപിടുത്തമുണ്ടായത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ പ്രദേശത്തെ തൊഴിലാളികള്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

ഫാമില്‍ തീയിട്ടതാണെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ട്. തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. അഗ്‌നിരക്ഷാസേനയുടെ നാല് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. എന്നാല്‍ തീ പൂര്‍ണമായും ശമിച്ചിട്ടില്ല.

ശക്തമായ കാറ്റാണ് തീയണക്കുന്നതിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. എണ്ണപ്പനയുടെ മുകളിലേക്ക് പോലും തീപടരുന്നുണ്ട്. തീയിട്ടതാണെന്ന ആരോപണം ഉയരുന്നുണ്ടെന്നും ഇത് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂ എന്നും അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.