പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയ സംഭവം ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് പരിശീലനം നല്‍കിയതെന്ന് സേനാ മേധാവി ബി. സന്ധ്യ ആഭ്യന്തരവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തു.
സംഘടനകള്‍ക്ക് അഗ്നിശമന സേന പരിശീലനം നല്‍കാറില്ലെന്നാണ് ബി.സന്ധ്യ വ്യക്തമാക്കിയത്.
ആലുവയില്‍ വച്ച് നടന്ന പോപ്പുലര്‍ ഫ്രണ്ട് പുതുതായി രൂപീകരിച്ച റെസ്‌ക്യൂ ആന്‍ഡ് റിലീഫ് സംഘടനയുടെ ഉദ്ഘാടനത്തിനിടെയാണ് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത്. അപകടത്തില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നതും, പ്രാഥമിക ശുശ്രൂഷ നല്‍കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിശീലിപ്പിച്ചത്. വിവിധ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധവും പ്രവര്‍ത്തകര്‍ക്ക് കാണിച്ചുകൊടുത്തിരുന്നു.
സംഭവത്തിന് പിന്നാലെ വലിയ വിവാദമാണ് ഉണ്ടായത്. നടപടി ചട്ടവിരുദ്ധമാണെന്ന് കാണിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ രംഗത്ത് വന്നു. ഇതോടെയാണ് ബി. സന്ധ്യ അന്വേഷണത്തിന് ഉത്തരവിട്ടത്. പരിശീലനം നല്‍കിയ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈഎ രാഹുല്‍ദാസ്, എം സജാദ് എന്നിവരോട് വിശദീകരണം തേടിയിരുന്നു. ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.
ആര്‍എഫ്ഒ, ജില്ലാ ഫയര്‍ ഓഫീസര്‍, പരിശീലനം നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തുകൊണ്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.