ഒന്നാം പ്രതി ആന്റോ ജോസഫ്; സാന്ദ്ര തോമസിന്റെ അധിക്ഷേപ പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം

സിനിമാ നിർമാതാവ് സാന്ദ്രാ തോമസിനെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. നിർമാതാവ് ആന്റോ ജോസഫാണ് കുറ്റപത്രത്തിൽ ഒന്നാം പ്രതി. എറണാകുളം സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ നാല് പ്രതികളാണുള്ളത്.

കേസിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി രാകേഷാണ് രണ്ടാം പ്രതി. അനിൽ തോമസ്, ഔസേപ്പച്ചൻ വാഴക്കുഴി എന്നീ നിർമാതാക്കളും കേസിലെ പ്രതികളാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നൽകിയ പരാതി ഒത്തുതീർപ്പാക്കാൻ വിളിച്ചുവരുത്തിയ ശേഷം തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് സാന്ദ്രാ തോമസ് പൊലീസിന് നൽകിയ പരാതി.

പരാതി ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറിയിരുന്നു. ഈ അന്വേഷണ സംഘമാണ് എറണാകുളം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. നേരത്തെ, അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചിരുന്നു. സാന്ദ്രയുടെ മൊഴിയെടുക്കുകയും ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

Read more

അതേസമയം സിനിമാ മേഖലയിലെ പ്രമുഖർക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് സാന്ദ്ര തോമസ് പറഞ്ഞു. പ്രതികൾ ഉൾപ്പെടെയുള്ള ആളുകൾ സ്വാധീനിക്കാൻ ശ്രമിച്ചു. തനിക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടെന്നും സാന്ദ്ര വ്യക്തമാക്കി.