സൈബര്‍ ആക്രമണങ്ങളെ നിയന്ത്രിക്കാൻ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആക്ട് 118 എ നിയമപ്രകാരം ആദ്യത്തെ പരാതി സി.പി.ഐ.എം അനുഭാവിക്കെതിരെ. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അപമാനിച്ചെന്ന് കാണിച്ചാണ് സി.പി.ഐ.എം അനുഭാവിക്കെതിരെ പരാതി. മുസ്‌ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം കമ്മറ്റി സെക്രട്ടറി പി.എ ഫഹദ് റഹമാന്‍ ആണ് പരാതി നൽകിയിരിക്കുന്നത്. ലീഗ് എം.എല്‍.എമാരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള ട്രോള്‍ പങ്കുവെച്ച തിലകന്‍ എ.കെ എന്ന വ്യക്തിക്കെതിരെയാണ് പരാതി.
പി.കെ ഫിറോസിനെ മനഃപൂര്‍വ്വം അവഹേളിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനുമായി തിലകന്‍ എ.കെ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് വ്യാജമായി നിര്‍മ്മിച്ച ഫോട്ടോ തികച്ചും ദുരുദ്ദേശത്തോടെ വ്യാജമാണ് എന്നറിഞ്ഞിട്ടും അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോട് കൂടി പങ്കുവെച്ചെന്നും സംഭവത്തില്‍ പൊലീസ് ആക്ട് 118 എ പ്രകാരം കേസ് എടുക്കണമെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
പൊലീസ് ആക്ട് 118 എ പ്രകാരം അപമാനിതനായ വ്യക്തി തന്നെ പരാതി നല്‍കേണ്ടതില്ല. കഴിഞ്ഞദിവസമാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയ്ക്ക് അനുമതി നല്‍കിയത്.
അതേസമയം ആരോപണവിധേയനായ തിലകന്‍ എ.കെ തൻറെ പ്രൊഫൈലില്‍ ഈ വകുപ്പ് ദുരുപയോഗം ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കഴിഞ്ഞ ദിവസം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.