ലോക വനിത ദിനത്തില്‍ ചരിത്രം തിരുത്തിക്കുറിച്ച് കേരള ഹൈക്കോടതി. ഹൈക്കോടതില്‍ ആദ്യമായി ഇന്ന് കേസ് പരിഗണിക്കുന്നത് വനിത ജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ഫുള്‍ ബെഞ്ചായിരിക്കും. ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ന് ഇത്തരം ഒരു സിറ്റിങ് നടക്കാന്‍ പോകുന്നത്.
ജസ്റ്റിസുമാരായ അനു ശിവരാമന്‍, വി.ഷിര്‍സി, എം.ആര്‍ അനിത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിയിലേക്ക് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഫണ്ട് സംഭാവന ചെയ്തത് അസാധുവാക്കിയ ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയാണ് ഇന്ന് വനിത ജഡ്ജിമാര്‍ അടങ്ങിയ ബെഞ്ച് പരിഗണിക്കുക.
നേരത്തെയുള്ള ബെഞ്ചില്‍ നിന്നും ജസ്റ്റിസ് ഹരിപ്രസാദ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് വി ഷിര്‍സിയെ ഫുള്‍ബെഞ്ചില്‍ ഉള്‍പ്പെടുത്തിയത്. ഇന്ന് വൈകിട്ടാണ് സിറ്റിങ് നടത്തുക.