പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ കുഫോസ് ഇന്ന് ഫിഷറീസ് വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കും. പഠനത്തിനായി ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും സാമ്പിളുകൾ കുഫോസ് ഗവേഷക സംഘം ശേഖരിച്ചിരുന്നു. മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങാനിടയായതിന്റെ കാരണങ്ങൾ വ്യക്തമാക്കുന്ന സമഗ്രമായ റിപ്പോർട്ടായിരിക്കും സമർപ്പിക്കുക.
ഷിഷറീസ് വകുപ്പിന്റെ നിർദേശാനുസരണം സർവകലാശാല വിസിയാണ് ശാസ്ത്രീയ പഠനത്തിന് ഉത്തരവിട്ടത്. പുഴയിൽ രാസമാലിന്യം കലർന്നതാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണമെന്നാണ് ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. മെയ് 20ന് വൈകിട്ട് 3.30നാണ് ഷട്ടറുകൾ തുറന്നത്. എന്നാൽ അന്ന് രാവിലെ എട്ടിന് തന്നെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ തുടങ്ങിയിരുന്നു. നാട്ടുകാർ ഇത് മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല.
ഫാക്ടറികളിൽ നിന്ന് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് പരിശോധിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വ്യവസായ വകുപ്പിനും വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. പാതാളം റെഗുലേറ്റർ തുറക്കുന്നതിന് പ്രത്യേക പ്രോട്ടോക്കോൾ ഇല്ലാത്ത സാഹചര്യത്തിൽ ഇനി മുതൽ പ്രോട്ടോക്കോൾ രൂപീകരിക്കുമെന്നും മലിനീകരണ നിയന്ത്രണ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥന് മേൽനോട്ട ചുമതല കൊടുക്കുന്നത് പരിഗണനയിലാണ്.
Read more
പെരിയാർ അതോറിറ്റി അഥവാ പുഴകൾക്കായി അതോറിറ്റി എന്ന ആലോചന സജീവമാക്കും. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. അന്വേഷണത്തിൽ ഏതെങ്കിലും തരത്തിൽ രാസമാലിന്യ സാന്നിധ്യം ഉണ്ടെങ്കിൽ കർശന നടപടിയുണ്ടാകും. ശാസ്ത്രീയ റിപ്പോർട്ട് അനുസരിച്ചായിരിക്കും തീരുമാനം.