പറവൂര്‍ മാല്യങ്കരയില്‍ മത്സ്യത്തൊഴിലാളിയായ സജീവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സബ്കളക്ടറുടെ വിശദീകരണം തള്ളി കുടുംബം. ഭൂമി തരം മാറ്റത്തിനായി സമര്‍പ്പിച്ച അപേക്ഷയില്‍ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കാലതാമസമുണ്ടായിട്ടില്ല എന്നും ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് തെറ്റായ കാര്യങ്ങളാണ് എന്നാണ് സജീവന്റെ കുടുംബം പറയുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27ന് നിയമപ്രകാരം ഭൂമി തരം മാറ്റത്തിനുള്ള ഫീസ് അടക്കാന്‍ സജീവന് നിര്‍ദ്ദേശം നല്‍കിരുന്നു. എന്നാല്‍ സജീവന്‍ പ്രതികരിച്ചില്ല. പിന്നീട് ഹൈക്കോടതി ഉത്തരവിന്റെയും സര്‍ക്കുലറിന്റെയും അടിസ്ഥാനത്തില്‍ ഭൂമി തരം മാറ്റത്തിന് ഫീസ് ഈടാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയരുന്നു. ഇത് പ്രകാരം ഫീസ് ഇളവിനും സജീവന്‍ അപേക്ഷ നല്‍കിയിരുന്നില്ലെന്നും സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേ സമയം ആര്‍.ഡി.ഒ ഓഫിസില്‍ നിരവധി തവണ കയറിയിറങ്ങിയിട്ടും ഫീസടക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. പണം അടയ്ക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു എങ്കില്‍
എന്ത് ബുദ്ധിമുട്ട് സഹിച്ചും അത് അടക്കുമായിരുന്നുവെന്നും സജീവന്റെ മരുമകള്‍ വര്‍ഷ പ്രതികരിച്ചു. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം പുതിയ അപേക്ഷ സമര്‍പ്പിച്ചിരുന്നു എന്നും വര്‍ഷ പറഞ്ഞു.
സജീവന്റെ അപേക്ഷയ്ക്ക് മുന്‍പ് ലഭിച്ച നിരവധി അപേക്ഷകള്‍ ബാക്കി നില്‍ക്കുകയാണ് അതാണ് ഇത് തീര്‍പ്പാക്കാന്‍ കഴിയാത്തതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. സബ് കലക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ തങ്ങള്‍ക്ക ശേഷം അപേക്ഷിച്ചവര്‍ക്ക് വരെ ഭൂമി തരം മാറ്റത്തിന് നടപടികള്‍ ഉണ്ടായതായി സജീവന്റെ ബന്ധുക്കള്‍ പറയുന്നു.
വ്യാഴാഴ്ചയാണ് സജീവനെ വീട്ടു വളപ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭൂമി തരം മാറ്റാനുള്ള അപേക്ഷയുമായി ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങിയിട്ടും ഫലമുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് അധികൃതര്‍ക്കും സര്‍ക്കാരിനും എതിരെ കത്തെഴുതി വെച്ചിട്ടായിരുന്നു ആത്മഹത്യ. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം വലയ്ക്കുന്നതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നത് എന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. സാധാരണക്കാര്‍ക്ക് ഇവിടെ ജീവിക്കാന്‍ നിവൃത്തിയില്ല. എല്ലാത്തിനും കൈക്കൂലി കൊടുക്കേണ്ട സ്ഥിതിയാണ് എന്നും കുറിപ്പില്‍ പറയുന്നു.