നെയ്യാറ്റിന്‍കരയില്‍ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിക്കെതിരെ പ്രതിഷേധിച്ച അഞ്ച് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ കൂട്ടപ്പന മഹേഷ്, നിലമേല്‍ ഹരികുമാര്‍, ജി.ജെ. കൃഷ്ണകുമാര്‍, സൂരജ്, അനൂപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി ഇവരെ ജ്യാമ്യത്തില്‍ വിട്ടയച്ചു. നെയ്യാറ്റിന്‍കര ഗാന്ധിമിത്രമണ്ഡലത്തിന്റെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ബുധനാഴ്ച ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞത്.
ഗാന്ധിയന്‍ ഗോപിനാഥന്‍നായരുടെ പ്രതിമ അനാച്ഛാദനം ചെയ്യാനാണ് തുഷാര്‍ ഗാന്ധി നെയ്യാറ്റിന്‍കരയിലെത്തിയത്. പ്രസംഗത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും രാജ്യത്തെ ബാധിച്ച കാന്‍സറാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തിന്റെ ആത്മാവിന് കാന്‍സര്‍ ബാധിച്ചിരിക്കുന്നുവെന്നും സംഘ്പരിവാറാണ് കാന്‍സര്‍ പടര്‍ത്തുന്നതെന്നും അദേഹം പറഞ്ഞു. രാജ്യത്തിന്റെ ആത്മാവിനെ തന്നെ നശിപ്പിക്കുന്ന തരത്തിലാണ് ഇവരുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ തുടര്‍ന്ന് മടങ്ങാന്‍ വാഹനത്തിനരികിലേക്കെത്തിയ തുഷാറിനെ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നില്‍ കയറിനിന്ന് തടയുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.
അതേസമയം, അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെങ്കില്‍ ആര്‍എസ്എസ് ഇത്തരത്തില്‍ പ്രതികരിക്കില്ലായിരുന്നെന്ന് മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വഴി തടഞ്ഞ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു തുഷാര്‍ ഗാന്ധി.
ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളാണ് ആര്‍എസ് എസ്-ബിജെപി പ്രവര്‍ത്തകര്‍ തുഷാര്‍ ഗാന്ധിയുടെ വഴി തടയുന്നതിലേക്ക് നയിച്ചത്. ആര്‍എസ്എസും സംഘപരിവാറും രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ത്തിയിരിക്കുന്നുവെന്നും നാം ജാഗ്രതയോടെ കഴിയണമെന്നും തുഷാര്‍ ഗാന്ധി പറഞ്ഞിരുന്നു.
എന്നാല്‍ പ്രതിഷേധം ആസൂത്രിതമാണെന്ന് കരുതുന്നില്ലെന്ന് തുഷാര്‍ ഗാന്ധി അഭിപ്രായപ്പെട്ടു. പ്രതിഷേധിച്ചവര്‍ പരിപാടിയില്‍ ഉണ്ടായിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും തുഷാര്‍ ഗാന്ധി വ്യക്തമാക്കി.