ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ച പെണ്‍കുട്ടിയ്ക്ക് നേരെ വധഭീഷണി

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലചിത്ര വേദിയ്ക്കു സമീപം ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ച പെണ്‍കുട്ടിയ്ക്ക് നേരെ വധഭീഷണിയെന്നു പരാതി. മലപ്പുറത്ത് ഫ്‌ളാഷ്‌മോബ് കളിച്ച പെണ്‍കുട്ടികള്‍ക്ക് നേരെ മതമൗലീക വര്‍ഗീയ വാദികള്‍ നടത്തിയ അവഹേളനത്തിനെതിരെയുള്ള പ്രതിഷേധമാണ് തിരുവനന്തപുരത്ത് നടന്നിരുന്നത്. വധഭീഷണിക്കെതിരെ മലപ്പുറം സ്വദേശിനി സജ്‌ല സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കി. ഫ്‌ളാഷ്‌മോബിന് ശേഷം സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും അനഹേളനവും വധഭീഷണിയും ഉണ്ടായെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്.

മലപ്പുറത്ത് മൂന്ന് പെണ്‍കുട്ടികള്‍ എയ്ഡ്സ്ദിനത്തില്‍ ബോധവത്കരണത്തിന്റെ ഭാഗമായി ജിമിക്കി കമ്മല്‍ പാട്ടിന് ചുവട് വെച്ചത് മതവിശ്വാസത്തിന് എതിരാണെന്നുള്ള ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. വ്യക്തിസ്വാതന്ത്ര്യവും മതവും രാഷ്ട്രീയവുമെല്ലാം കൂടിക്കലര്‍ന്ന മറ്റൊരു തലത്തിലേക്ക് ചര്‍ച്ച വഴി മാറി. പ്രതികൂലിച്ചും അനുകൂലിച്ചും രണ്ടു ചേരിയായി തിരിഞ്ഞാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്.

മുസ്ലീംപെണ്‍കുട്ടികളുടെ നൃത്തത്തിന്റെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടികള്‍ ഇസ്ലാാം മതം വിശ്വസിച്ചല്ല ജീവിക്കുന്നതെന്ന പറഞ്ഞ് മുസ്ലീം മതപണ്ഡിതന്മാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ടെലിവിഷന്‍ പരിപാടിയിലും യൂത്ത് ഫെസ്റ്റിവലുകളിലുമെല്ലാം ഒപ്പനയും മറ്റും കളിക്കുമ്പോള്‍ പ്രശ്നമില്ലല്ലോയെന്ന ചോദ്യവും എതിര്‍ഭാഗത്ത് നിന്നുള്ളവര്‍ ചോദിക്കുന്നുണ്ട്.

മലപ്പുറത്തെ പെണ്‍കുട്ടികള്‍ ഫ്ളാഷ്മോബ് കളിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടികളെ സാമൂഹിക മാധ്യമങ്ങളില്‍ അക്ഷേപിച്ചവര്‍ക്കെതിരെ വനിതാക്കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. അസ്ലീലപ്രചരണം നടത്തിയവര്‍ക്കെതിരെയാണ് നടപടിയെടുക്കാന്‍ വനിതാക്കമ്മീഷന്‍ സൈബര്‍സെല്ലിന് നിര്‍ദ്ദേശം നല്‍കിയത്.