'നിക്ഷേപം നിയമം പാലിച്ച്, ബിസിനസിൽ ലാഭവും നഷ്ടവും ഉണ്ടാകും'; കെഎഫ്സിയിലെ കോടികളുടെ അഴിമതിയാരോപണത്തിൽ വി ഡി സതീശന് മറുപടിയുമായി ധനമന്ത്രി

കെഎഫ്സിയിലെ കോടികളുടെ അഴിമതിയാരോപണത്തിൽ വി ഡി സതീശന് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. നിയമം പാലിച്ചാണ് 2018 ൽ നിക്ഷേപം നടത്തിയതെന്നും ലാഭവും നഷ്ടവും ബിസിനസിൽ വരുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. അനിൽ അംബാനിയുടെ ആർസിഎഫ്‌എൽ എന്ന സ്ഥാപനത്തിൽ കെഎഫ്സി 60 കോടി രൂപ നിക്ഷേപിച്ചുവെന്നാണ് വിഡി സതീശൻ ആരോപിച്ചത്.

പൊതുമേഖലാ സ്ഥാപനമായ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ ആരോപണവുമായാണ് വി ഡി സതീശൻ രംഗത്തെത്തിയത്. ഒരു ഗ്യാരണ്ടിയുമില്ലാതെയാണ് പണം നിക്ഷേപിച്ചതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്തായിരുന്നു കെഎഫ്സിയുടെ നിക്ഷേപം. 19-04-2018ൽ നടന്ന കെ.എഫ്.സി.യുടെ മാനേജ്‌മെൻ്റ് കമ്മിറ്റി തീരുമാനപ്രകാരമായിരുന്നു നിക്ഷേപം. എന്നാൽ ഇക്കാര്യം 2018-19-ലെ കെഎഫ്സിയുടെ വാർഷിക റിപ്പോർട്ടിൽനിന്ന് മറച്ചുവെച്ചുവെന്നും സതീശൻ ആരോപിച്ചു. എന്നാൽ, 2019-20ലെ വാർഷിക റിപ്പോർട്ടിലും ഇതുതന്നെ ആവർത്തിച്ചു. പിന്നീട് 2020-21ലെ റിപ്പോർട്ടിലാണ് കമ്പനിയുടെ പേര് പുറത്തുവരുന്നതെന്നും വിഡി സതീശൻ ആരോപിച്ചിരുന്നു.

ഇതിനെതിരെയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ വിശദീകരണവുമായി രംഗത്തെത്തിയത്. നിയമം പാലിച്ചാണ് 2018 ൽ നിക്ഷേപം നടത്തിയതെന്നും ലാഭവും നഷ്ടവും ബിസിനസിൽ വരുമെന്നുമാണ് മന്ത്രിയുടെ പ്രതികരണം. കാനറാ ബാങ്ക്, നബാർഡ്, യൂണിയൻ മുൻനിര ബാങ്കുകളടക്കം നിക്ഷേപം നടത്തിയ കമ്പനിയിലാണ് നിക്ഷേപം നടത്തിയത്. കേന്ദ്ര നിയമം അനുസരിച്ചാണ് കെഎഫ്സി പ്രവർത്തിക്കുന്നത്. മനപൂർവ്വമായ വീഴ്ച ഉണ്ടെന്ന് കരുതുന്നില്ല. മുബൈ ഹൈക്കോടതിയിൽ കേസ് ഉണ്ട്. പകുതിയോളം നഷ്ടപരിഹാരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.