ശബരിമലയില്‍ താമസത്തിനും അന്നദാനത്തിനും ആരോഗ്യ സേവനങ്ങള്‍ക്കും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 1994 ല്‍ പണിത സന്നിധാനത്തെ ശബരി ഗസ്റ്റ്ഹൗസ് പൂര്‍ണമായും പുനര്‍ നവീകരിക്കുകയാണ്. 54 മുറികളാണ് ശബരി ഗസ്റ്റ് ഹൗസില്‍ നിലവിലുള്ളത്. സന്നിധാനത്തെ ദേവസ്വം ജീവനക്കാര്‍ക്ക് താമസിക്കുവാനുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് പൂര്‍ണ്ണമായും നവീകരിച്ചു. പമ്പയിലെ ഗസ്റ്റ് ഹൗസിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
പമ്പയിലും അപ്പാച്ചിമേട്ടിലും സന്നിധാനത്തും ആരോഗ്യവകുപ്പ് മികച്ച സേവനങ്ങള്‍ ഭക്തര്‍ക്കായി നല്‍കുന്നുണ്ട്.ഇവയ്ക്ക് പുറമേ ലോകപ്രശസ്തനായ ന്യൂറോസര്‍ജന്‍ രാംനാരായണന്റെ നേതൃത്വത്തില്‍ വിദഗ്ധരായ നൂറിലേറെ ഡോക്ടര്‍മാര്‍ ഡിവോട്ടീസ് ഓഫ് ഡോക്ടേഴ്‌സ് എന്ന പേരില്‍ സേവന സന്നദ്ധത അറിയിച്ചു. മണ്ഡല മകരവിളക്ക് കാലം മുഴുവന്‍ എക്കോ കാര്‍ഡിയോഗ്രാം ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കി പമ്പയിലും സന്നിധാനത്തും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും.
കഴിഞ്ഞവര്‍ഷം 15 ലക്ഷത്തിലേറെ പേര്‍ക്കാണ് അന്നദാനം നല്‍കിയത്. ഇത്തവണ 20 ലക്ഷത്തിലേറെ അയ്യപ്പഭക്തര്‍ക്ക് സന്നിധാനത്ത് അന്നദാനം നല്‍കുവാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.