കായംകുളത്ത് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 20 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കായംകുളം ടൗണ്‍ ഗവ യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 20 വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ നിന്ന് സാമ്പാറും ചോറുമാണ് കുട്ടികള്‍ കഴിച്ചത്. ഇന്നലെ രാത്രി തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥതയുണ്ടായിരുന്നു.

ഇന്നലെ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇന്ന് രാവിലെ വീണ്ടും വയറു വേദനയും ക്ഷീണവും അനുഭവപ്പെട്ടു. ഇതേ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം ആരംഭിച്ചു.

അതേസമയം കൊട്ടാരക്കരയില്‍ ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നാല് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അങ്കണവാടിയിലെ കുട്ടികളെയാണ് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അങ്കണവാടിയില്‍ നിന്ന് നല്‍കിയ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് ബന്ധുക്കളുടെ ആരോപണം.

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ കൂടിവരുന്ന സാഹചര്യത്തില്‍ ഹോട്ടലുകളില്‍ കര്‍ശന പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടിരുന്നു. ശുചിത്വം, ഗുണമേന്മ എന്നിവ മുന്‍നിര്‍ത്തി സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രീന്‍ കാറ്റഗറി പരിധിയിലാക്കും. സ്ഥാപനങ്ങള്‍ മൂന്ന് മാസത്തിനകം ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷനും ലൈസന്‍സും ലഭ്യമാക്കിയിരിക്കണം. അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.