തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

തൃക്കാക്കര കെ എം എം കോളേജിൽ നടന്ന എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധയേറ്റത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ക്യാമ്പിൽ പങ്കെടുത്ത എഴുപത്തിരണ്ടോളം വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് വിദ്യാർത്ഥികൾ.

ക്യാമ്പിൽ കൊടുക്കുന്ന വെള്ളവും ഭക്ഷണവും നിലവാരമില്ലാത്തതാണെന്നാണ് മാതാപിതാക്കൾ പറയുന്നത്. കുറച്ച് ദിവസങ്ങളായി ചില വിദ്യാർത്ഥികളിൽ ശരിരിക ബുദ്ധിമുട്ടുകൾ അനുഭവപെട്ടു. കോളേജ് മാനേജ്‍മെന്റിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ രാത്രി വൈകിയും എൻസിസി ക്യാമ്പ് നടക്കുന്ന കെഎംഎം കോളേജിന്റെ മുന്നിൽ തുടർന്നിരുന്നു. ഇന്നലെ വൈകിട്ടോടെ കൂടുതൽ പേര് ക്ഷീണിതരായി തളർന്നു വീണു. വിദ്യാർത്ഥികളിൽ പലർക്കും കഠിനമായ വയറു വേദനയും, ചിലർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടുവെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്.

Read more

ഭക്ഷണത്തിനു നിലവാരമില്ല എന്നാണ് വിദ്യാർത്ഥികൾ പരാതിപ്പെടുന്നത്. ക്യാമ്പിൽ പങ്കെടുത്തത് 600 ഓളം കുട്ടികളാണ്. ഒരു വിദ്യാർത്ഥികളുടെയും ആരോഗ്യനില ഗുരുതരമല്ല. നിലവിലെ സാഹചര്യത്തിൽ എൻസിസി ക്യാമ്പ് നിർത്തി വെക്കാൻ തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ നിർദേശം നൽകി. രക്ഷിതാക്കൾ കുട്ടികളെ വീട്ടിലേക്ക് കൊണ്ട് പോയി.