ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരായി തെറ്റായ പ്രചാരവേലകളുമായി ഇറങ്ങിയിരിക്കുന്നവരുടെ താല്‍പര്യങ്ങള്‍ തിരിച്ചറിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വന്യജീവി സങ്കേതങ്ങളും, ദേശീയ ഉദ്യാനങ്ങളും ഉള്‍പ്പെടുന്ന സംരക്ഷണ പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കണമെന്ന വിധി കേരളത്തില്‍ അപ്രായോഗികമാണെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഉപഗ്രഹ സഹായത്തോടെ തയ്യാറാക്കിയത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ്. ഇതിലാവട്ടെ എല്ലാ നിര്‍മ്മിതികളും ഉള്‍പ്പെട്ടിട്ടില്ല. വിട്ടുപോയവ ഫീല്‍ഡ് സര്‍വ്വെയില്‍ കൂട്ടിച്ചേര്‍ക്കുമെന്ന കാര്യവും സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച പരാതി അറിയിക്കാനുള്ള സമയം നീട്ടി നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കെ സര്‍ക്കാരിനെതിരായി തെറ്റായ പ്രചാരവേലകളുമായി ഇറങ്ങിയിരിക്കുന്നവരുടെ താല്‍പര്യങ്ങള്‍ തിരിച്ചറിയണം.
തെറ്റായ പ്രചരണങ്ങളില്‍ ജനങ്ങള്‍ കുടങ്ങിപ്പോകരുത്. കേരളത്തിന്റെ പരിസ്ഥിതിയും, ജനങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക എന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് ഏതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ല. ജനങ്ങളുടെ ജീവിതം സംരക്ഷിക്കുമെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ബഫര്‍സോണ്‍ രൂപപ്പെടുത്തുന്ന നടപടിയാണ് ഉണ്ടാകേണ്ടതെന്നും സിപിഎം വ്യക്തമാക്കി.