സുഗന്ധഗിരി മരംമുറിക്കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍; കൂടുതൽ പേർക്ക് വൈകാതെ സ്ഥലം മാറ്റം

വയനാട് സുഗന്ധഗിരി മരംമുറിക്കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍. കല്പറ്റ റേഞ്ചർ കെ നീതുവിനെയാണ് സസ്പെന്റ് ചെയ്തത്. ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലൻസ് റിപ്പോർട്ടിന്മേനിലാണ് നടപടി. അതേസമയം സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കൽപ്പറ്റ റേഞ്ചിലെ ആറ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരേയും 5 വനംവാച്ചർമാരേയും വൈകാതെ സ്ഥലം മാറ്റിയേക്കും.

മരംമുറി കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് എടുത്ത കേസിൽ നിലവിൽ ഒമ്പത് പ്രതികളാണ് ഉള്ളത്. ഈ പ്രതിപ്പട്ടികയിലേക്ക് വനംവാച്ചർ ജോൺസനെ കൂടി ചേർക്കാൻ വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. അനധികൃതമായി മരംമുറിക്കാൻ ജോൺസൻ്റെ ഒത്താശയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ശുപാർശ. സംഭവത്തിൽ സസ്പെൻഷനിലായ കൽപ്പറ്റ ഫോറസ്റ്റ് സെഷൻ ഓഫീസർ ചന്ദ്രനെ പ്രതിചേർക്കുന്നത് പരിശോധിക്കണമെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്.

വയനാട്ടിൽ ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയിലാണ് അനധികൃത മരംമുറിയുണ്ടായത്. വീടുൾക്കും, റോഡിനും ഭീഷണിയായ 20 മരംമുറിക്കാൻ കിട്ടിയ അനുമതിയുടെ മറവിൽ കൂടുതൽ മരങ്ങൾ മുറിച്ചു കടത്തിയെന്നാണ് കേസ്. സുഗന്ധഗിരി ചെന്നായ്ക്കവലയിലാണ് അമ്പതോളം മരങ്ങള്‍ മുറിച്ച് മാറ്റിയത്. വെൺതേക്ക്, അയിനി, പാല, ആഫ്രിക്കൻ ചോല മരങ്ങളാണ് മുറിച്ചത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടി എടുത്തിരുന്നു. കൽപ്പറ്റ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, വനംവകുപ്പ് വാച്ചർ എന്നിവർക്കെതിരെയായിരുന്നു നടപടി. ആർ. ജോൺസൺ, എം.കെ.ബാലൻ എന്നിവരെ സസ്‌പെൻഡ് ചെയ്തുകൊണ്ടായിരുന്നു നോർത്തേൺ സിസിഎഫ് കെ.എസ് ദീപ നടപടി സ്വീകരിച്ചത്. വനം വാച്ചർ ബാലന്‍റെ തോട്ടത്തിൽ നിന്നും രണ്ടു മരങ്ങൾ അനുമതിയില്ലാതെ മുറിച്ചെന്നും കണ്ടെത്തിയിരുന്നു.

Read more