അല്‍ഷിമേഴ്‌സ് രോഗിയായ മുന്‍ ബിഎസ്എഫ് ജവാന് ക്രൂര മര്‍ദ്ദനം; ഹോം നഴ്‌സിന്റെ ക്രൂരതയുടെ ദൃശ്യങ്ങള്‍ വൈറല്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

പത്തനംതിട്ടയില്‍ അല്‍ഷിമേഴ്‌സ് രോഗിയെ ഹോം നഴ്‌സ് ക്രൂരമായി മര്‍ദ്ദിക്കുകയും നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. പത്തനംതിട്ട സ്വദേശിയായ മുന്‍ ബിഎസ്എഫ് ജവാന്‍ വി ശശിധരന്‍പിളയാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. 59കാരനായ ശശിധരന്‍ പിള്ള അല്‍ഷിമേഴ്‌സ് രോഗിയാണ്.

സംഭവത്തില്‍ വിഷ്ണു എന്ന ഹോം നഴ്‌സിനെതിരെ ശശിധരന്‍ പിള്ളയുടെ കുടുംബം കൊടുമണ്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ക്രൂര മര്‍ദ്ദനത്തില്‍ പരിക്കേറ്റ ശശിധരന്‍ പിള്ളയെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശശിധരന്‍ പിള്ള വീണ് പരിക്കേറ്റെന്നാണ് വിഷ്ണു ആദ്യം ബന്ധുക്കളെ അറിയിച്ചത്.

വിഷ്ണു പറഞ്ഞതില്‍ സംശയം തോന്നിയ ബന്ധുക്കള്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. വയോധികനെ നഗ്‌നനാക്കി വലിച്ചിഴക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. അഞ്ച് വര്‍ഷമായി അല്‍ഷിമേഴ്‌സ് രോഗ ബാധിതനായിരുന്നു ശശിധരന്‍ പിള്ള.

Read more

മുന്‍ ബിഎസ്എഫ് ജവാനെ പരിചരിക്കാനാണ് വിഷ്ണു എത്തിയത്.അടൂരിലുള ഏജന്‍സി വഴിയാണ് ഹോം നഴ്‌സിനെ വച്ചത്. ശശിധരന്‍പിള്ളയുടെ ബന്ധുക്കള്‍ തിരുവനന്തപുരത്താണ് താമസം. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.