മുന്‍ ഡി.ജി.പി, ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പൊതുസമൂഹം വിലയിരുത്തട്ടെ; അതിജീവിതയ്‌ക്ക് ഒപ്പമെന്ന് ഉമ തോമസ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി ഉമ തോമസ് എംഎല്‍എ. പുതിയ വെളിപ്പെടുത്തലുകള്‍ പൊതുസമൂഹം വിലയിരുത്തട്ടെയെന്നും താന്‍ എന്നും അതിജീവിതയ്ക്ക് ഒപ്പമാണെന്നും ഉമ തോമസ് പറഞ്ഞു.

കോടതിയില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുന്നില്ല. കേസില്‍ എന്തെങ്കിലും നീക്കുപോക്കോ, കോടതി ഇടപെടലോ ഉണ്ടായാല്‍ മാത്രമേ പ്രതികരിക്കുകയുള്ളു. ഒന്നര മാസത്തിനകം കേസില്‍ തീര്‍പ്പുണ്ടാകുമെന്നാണ് മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നല്‍കിയത്. കേസില്‍ തീരുമാനം ഉണ്ടാകട്ടെ. ഉന്നത സ്ഥാനത്ത് ജോലി ചെയ്തിരുന്ന പൊലീസ് ഉദ്യോഗസ്ഥ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ഉമ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

സസ്‌നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു മുന്‍ ഡിജിപി വെളിപ്പെടുത്തലുകള്‍ നടത്തിയത്. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ദിലീപ് നിരപരാധിയാണ്. ദിലീപിന് എതിരെ തെളിവുകള്‍ ഒന്നുമില്ല. വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയാണ് ചെയ്തതെന്നുമായിരുന്നു ഡിജിപി പറഞ്ഞത്.

Read more

കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞാണ് പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് എഴുതിയത് എന്ന് പറയപ്പെടുന്ന കത്ത് പുറത്ത് വന്നത്. ഈ കത്ത് സുനിയുടെ സഹതടവുകാരനായ വിപിനാണ് എഴുതിയത്. അയാള്‍ ജയിലില്‍ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പോലീസുകാര്‍ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ വ്യക്തമാക്കി. പള്‍സര്‍ സുനിയും ദിലീപും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പിലൂടെ നിര്‍മ്മിച്ചതാണെന്നും മുന്‍ ഡിജിപി വെളിപ്പെടുത്തിയിരുന്നു.