മൂഴിക്കുളം ഫൊറോന പള്ളിയില്‍ വികാരിയായി ചുമതല ഏറ്റെടുക്കാനെത്തിയ ഫാ.ആന്റണി പൂതവേലിയെ നാട്ടുകാരായ വിശ്വാസികള്‍ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ ചുമതല ഏറ്റെടുക്കാതെ അദേഹം മടങ്ങി. എറണാകുളം ബസിലിക്കയില്‍ അക്രമത്തിനും വിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്നതിനും നേതൃത്വം നല്‍കിയ വൈദികനെ വികാരിയായി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് നാട്ടുകാര്‍ സംഘടിച്ച് എത്തിയത്.
എറണാകുളം ബസിലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട ഫാ.ആന്റണി പൂതവേലിക്ക് മൂഴിക്കുളം ഫൊറോന പള്ളിയുടെ ചുമതല നല്‍കിയിരുന്നു. എന്നാല്‍, ആന്റണി പൂതവേലിയെ സ്വീകരിക്കാന്‍ ആകില്ലെന്ന് ഇടവക സമൂഹം നേരത്തെ തന്നെ അതിരൂപത നേതൃത്വത്തെ അറിയിച്ചിരുന്നു.
എറണാകുളം അതിരൂപതയെയും വിശ്വാസികളെയും അപമാനിച്ച ഫാ. ആന്റണി പൂതവേലിയെ എറണാകുളം അതിരൂപതയുടെ ഒരു പള്ളിയിലും വികാരിയായി അംഗീകരിക്കാന്‍ ആവില്ലെന്ന് അല്മായ മുന്നേറ്റം അതിരൂപത കണ്‍വീനര്‍ ജെമി ആഗസ്റ്റിന്‍, വക്താവ് റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ വ്യക്തമാക്കി.
നവംബര്‍ 27ന് ബിഷപ്പ് ഹൗസ് അടിച്ചു തകര്‍ക്കുന്നതിന് നേതൃത്വം നല്‍കിയവര്‍ തന്നെയാണ് ആന്റണി പൂതവേലിയുടെ നേതൃത്വത്തില്‍ ബസിലിക്കയില്‍ ഡിസംബര്‍ 24ന് അക്രമങ്ങള്‍ നടത്തിയത്. ഈ രണ്ടു സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വീഡിയോ ഉള്‍പ്പെടെയുള്ള മുഴുവന്‍ തെളിവുകളും ഉണ്ടായിട്ടും അതിരൂപത നേതൃത്വം അവര്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ തെയ്യാറാകാത്തത് അനുവദിക്കാനാവില്ലെന്ന് അല്മായ മുന്നേറ്റം വ്യക്തമാക്കി.