ഹിറ്റ്‌ലർ നല്ലതെന്ന് കരുതിയ പുരോഹിതന്മാര്‍ കത്തോലിക്ക സഭയില്‍ ഉണ്ടായിരുന്നു; രാഷ്ട്രീയ മത നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫാ. പോള്‍ തേലക്കാട്ട്

നാസി ഭരണകാലത്ത് ഹിറ്റ്‌ലറാണ് നല്ലതെന്ന് കരുതിയ പുരോഹിതന്മാര്‍ കത്തോലിക്ക സഭയില്‍ ഉണ്ടായിരുന്നുവെന്ന്​ സീറോ മലബാര്‍ സഭയുടെ മുന്‍ വക്താവും ചിന്തകനുമായ ഫാ. പോള്‍ തേലേക്കാട്ട്​. പാല ബിഷപ്പിന്‍റെ പ്രസ്താവനയെ കേരളത്തിലെ കത്തോലിക്കരില്‍ ഭൂരിപക്ഷവും അംഗീകരിച്ചിട്ടില്ല. പൊതുവില്‍ ബിഷപ്പിന് തെറ്റുപറ്റിയെന്നാണ് സമൂഹം കരുതുന്നതെന്നും ഓൺലെെൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സാധാരണ ജനങ്ങള്‍ സുബോധമുള്ളവരാകുക, നന്മയും തിന്മയും വേര്‍തിരിക്കുന്ന ഉത്തരവാദിത്തം ആര്‍ക്കും വിട്ടു കൊടുക്കാതിരിക്കുക എന്നതാണ് ഇത്തരം അവസരങ്ങളില്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാല ബിഷപ്പിന്‍റെ പ്രസ്താവനയെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും എല്ലാവരും എതിര്‍ക്കുകയാണ് ചെയ്തത്. അതേസമയം ചിലര്‍ അവിടെ വരുകയും അദ്ദേഹത്തിന് എല്ലാ സംരക്ഷണം നല്‍കണമെന്ന് പറയുകയും ചെയ്തു. അതായത് ഏത് വിഷയത്തേയും വര്‍ഗീയമായി ഉപയോഗിക്കുന്ന ഒരു സാഹചര്യം ഇവിടെ ഉണ്ടെന്നതാണ്. ഇതിന് കാരണം സ്വാര്‍ഥപരമായ ലക്ഷ്യങ്ങള്‍ നേടാന്‍ ചിലരുമായി ചേരുന്നതുകൊണ്ടാണ്. അത് ദുരന്തങ്ങളിലേക്ക് നയിക്കും. ഇതൊരു പ്രതിസന്ധിയാണ്. സാമുദായിക സ്പര്‍ധയുടെ അന്തരീക്ഷത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇത്​ തിരിച്ചറിയുന്ന രാഷ്ട്രീയ മത നേതാക്കള്‍ വളരെയേറെ ജാഗ്രത പുലര്‍ത്തണം​.
ലോകം ഇന്നൊരു ഗ്രാമമാണ്. ലോകത്തിന്‍റെ ഏതെങ്കിലും കോണില്‍നിന്ന് പറയുന്ന നിസാര കാര്യങ്ങള്‍ എവിടെയൊക്കെ സഞ്ചരിക്കും എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന് പറയാന്‍ കഴിയില്ല. നാസി ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ പറഞ്ഞത് നുണയാണ്. ഹിറ്റ്‌ലറുടെ നുണ എത്ര ദുരന്തം വിതച്ചുവെന്ന് നമുക്കറിയാം.

കേരളത്തിന്‍റ ചരിത്രം നോക്കിയാല്‍ ഇവിടെ ആധിപത്യം ചെലുത്തിയത് സവര്‍ണ ഹിന്ദുക്കള്‍ ആയിരുന്നു. സര്‍ക്കാര്‍ ജോലിയും ഭൂമിയും എല്ലാം അവര്‍ക്കായിരുന്നു. മുസ്​ലിംകൾ, ഈഴവര്‍, ക്രൈസ്തവര്‍ എന്നിവര്‍ ജോലിക്കാര്‍ മാത്രമായിരുന്നു. ഇവരുടെ ജീവിതവും അത്തരത്തിലുള്ളതായിരുന്നു.

ഇവിടുത്തെ ക്രിസ്ത്യാനികള്‍ പണ്ട് ബ്രാഹ്മണര്‍ ആണെന്ന മിഥ്യ ചിലർ വ്യാപകമായി പ്രചരിപ്പിക്കുന്നു. അത് സമ്മതിച്ചുകൊടുക്കാന്‍ ബി.ജെ.പിയും തയ്യാറാണ്. അങ്ങനെ ക്രൈസ്തവരെ കൂടെ നിര്‍ത്താമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. അധികാരത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുകയെന്നത് ചിലരുടെ ഒരു രീതിയാണ്. ചില സ്ഥാപിത താല്‍പര്യങ്ങള്‍ ഇത്തരത്തില്‍ ഉണ്ട് -ഫാ. തേലേക്കാട്ട്​ പറഞ്ഞു.