സൗഹൃദങ്ങളുടെ സംഭാഷണ വഴിയിൽ നിന്ന് അദ്ദേഹം വഴുതി മാറി, തയ്യാറായത് തർക്കയുദ്ധത്തിന്; പാലാ ബിഷപ്പിന് എതിരെ പോൾ തേലക്കാട്ട്

‘നാർക്കോട്ടിക് ജിഹാദ്’ പരാമർശം നടത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സിറോ മലബാർ സഭ മുൻ വക്താവ് പോൾ തേലക്കാട്ട്. സൗഹൃദങ്ങളുടെ സംഭാഷണ വഴിയിൽ നിന്ന് ബിഷപ്പ് വഴുതി മാറി. ജിഹാദിന്റെ രണ്ട് മുഖങ്ങൾ ചരിത്രം ആണോ അദ്ദേഹത്തിന്റെ സങ്കല്പം ആണോ എന്ന് ഉറപ്പില്ലെന്ന് ഫാദർ പോൾ തേലക്കാട്ടിൽ പറഞ്ഞു. ചരിത്രം ആണെങ്കിൽ അധികാരികളെ കൊണ്ട് നടപടിയെടുപ്പിക്കാൻ കഴിവില്ലാത്ത നിസ്സാരനല്ല ബിഷപ്പെന്നും പോൾ തേലക്കാട്ടിൽ കൂട്ടിച്ചേർത്തു

പാലാ ബിഷപ്പ് തയ്യാറായത് തർക്ക യുദ്ധത്തിനാണ്. സഭാദ്ധ്യക്ഷൻ വെറും സമുദായ നേതാവായി, സഭയെ സഭയ്ക്ക് വേണ്ടി മാത്രമാക്കിയെന്നും പോൾ തേലക്കാട്ട് ആരോപിച്ചു.

അതിനിടെ  നാര്‍ക്കോട്ടിക്‌സ് ജിഹാദ് പരാമര്‍ശത്തെ പിന്തുണച്ചുള്ള തൃശൂര്‍ ഡി.സി.സിയുടെ വാര്‍ത്താക്കുറിപ്പിനെതിരെ യു.ഡി.എഫില്‍ വൻ പ്രതിഷേധം. യു.ഡി.എഫിന്റെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ നിന്നും വ്യത്യസ്തമായി, ബിഷപ്പിന്റെ പ്രസ്താവന ഒരു മതത്തിനും എതിരെല്ലെന്നും സദുദ്ദേശത്തോടെ ബിഷപ്പ് നടത്തിയ പ്രസ്താവനയില്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നായിരുന്നു തൃശുര്‍ യു.ഡി.എഫ് കണ്‍വീനര്‍ കെ.ആര്‍. ഗിരിരാജന്‍ തയ്യാറാക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്.

ഇളംപ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നതായാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൽ പറഞ്ഞത്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചിരുന്നു.