കന്യാസ്ത്രീ പീഡനം, ഫ്രാങ്കോയുടെ വിചാരണ പൂര്‍ത്തിയായി; വിധി പതിനാലിന്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിചാരണ പൂര്‍ത്തിയായി. ജനുവരി 14ന് കോടതി വിധി പറയും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധിപറയുക.

ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കന്‍ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് കേസ്. തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് 2018 ജൂണ്‍ 17നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. തുടര്‍ന്ന് ഫ്രാങ്കോയ്‌ക്കെതിരെ ബലാത്സംഗം. പ്രകൃതിവിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

പരാതി നല്‍കിയിട്ടും ഫ്രാങ്കോയ്‌ക്കെതിരെ നടപടി ഉണ്ടാകാത്തതിനെതുടര്‍ന്ന് കുറവിലങ്ങാട് മഠത്തിലെ നാല് കന്യാസ്ത്രീമാര്‍ ഹൈക്കോടതിക്ക് മുന്നില്‍ നിരാഹാര സമരം അനുഷ്ഠിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തതത്. 21ദിവസം പാലാ സബ്ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിരുന്നു.

കേസില്‍ 83 സാക്ഷികളുണ്ട്. ഇതില്‍ 39 പേരെയാണ് വിചാരണയ്ക്കിടെ വിസ്തരിച്ചത്. 25 കന്യാസ്ത്രീമാരും 11 വൈദികരും മൂന്ന് ബിഷപ്പുമാരുമാണ് ഇതിലുള്ളത്. ഡിജിറ്റല്‍ തെളിവുകളടക്കം നിര്‍ണായക തെളിവുകളായി കോടതി കണക്കാക്കിയിട്ടുണ്ട്. രണ്ട് വര്‍ഷം എടുത്താണ് കേസിലെ വിധി പറയുന്നത്. 2004 -2013 കാലഘട്ടത്തില്‍ തന്നെ 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രിയുടെ പരാതി.