ആലപ്പുഴ തുറവൂരിൽ സുഹൃത്തുക്കളായ രണ്ട് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തുറവൂർ ചാവടി സ്വദേശി ബൈജു (50), കൈതവളപ്പിൽ സ്റ്റീഫൻ (46) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു. കുത്തിയതോട് പൊലീസ് എത്തി ഇരുവരുടെയും മൃതദേഹം തുറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.
വീടിനുള്ളിൽ നിന്ന് കൂടിയ അളവിൽ സാനിറ്റൈസറും ഗ്ലാസുകളും കണ്ടെടുത്തിട്ടുണ്ട്. സാനിറ്റൈസർ കുടിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മദ്യം ലഭ്യമാകാതെ വരുമ്പോൾ സാനിറ്റൈസർ കുടിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴ ചാത്തനാട് വാർഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളും സാനിറ്റൈസർ കുടിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു.