ഇന്ധനവില കത്തുന്നു, സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും റെക്കോഡ് വില

ഇന്ധനവില അനുദിനം സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. പെട്രോളിനും ഡീസലിനും വിപണി വില റെക്കോഡിലേക്ക്‌ എത്തിരിക്കുകയാണ്. ഡീസലിന് ഇന്നലെ ലിറ്ററിനു 66.79 രൂപയാണ് തിരുവനന്തപുരത്ത് വില. എട്ടു രൂപയിലേറെയാണ് കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ വര്‍ധിപ്പിച്ചത്. 1.87 രൂപയാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വര്‍ധിപ്പിച്ചത്. സമാനമായ രീതിയില്‍ പെട്രോളിന് ഒന്നര രൂപയോളം വര്‍ധിപ്പിച്ചിരുന്നു.

തിരുവനന്തപുരത്ത് 2017 ജൂലൈയില്‍ 66.93 രൂപയാണ് പെട്രോളിനു ഉണ്ടായിരുന്നത്. ഏഴ് മാസം കൊണ്ട് ഇത് 7.97 രൂപ വര്‍ധിപ്പിച്ചു. ഇതു പോലെ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഡീസലിന് 58.28 രൂപയാണ് ഉണ്ടായിരുന്നത്. ഇതു 8.57 രൂപയുടെ വര്‍ധനയാണ് ഏഴു മാസം കൊണ്ട് രേഖപ്പെടുത്തിയത്. ദിനംപ്രതി ഇങ്ങനെ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയാണ്

പെട്രോളിയം കമ്പനികള്‍ അന്താരാഷട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതു കൊണ്ടാണ് വില വര്‍ധിപ്പിക്കുന്നത് എന്നാണ് പറയുന്നത്. ഈ കാരണം പറഞ്ഞ് പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവാണ് കമ്പനികള്‍ വരുത്തുന്നത്. ഇതിനു പുറമെ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയും കൂടിചേരുന്നതോടെ സാധാരണക്കാര്‍ കഷ്ടപ്പെടുകയാണ്.