ഇന്ധനവില വര്‍ദ്ധന; കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ച് രാജ്ഭവനിലേക്ക് ഇന്ന് കോണ്‍ഗ്രസ് മാര്‍ച്ച്

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണ്ണയും. മുച്ചക്ര വാഹനങ്ങള്‍ കെട്ടിവലിച്ചും, സ്‌കൂട്ടര്‍ ഉരുട്ടിയും, കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചുമുള്ള പ്രതിഷേധമാണ് നടത്തുക. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ നിന്ന് രാവിലെ പത്തരയ്ക്കാണ് മാര്‍ച്ച് ആരംഭിക്കുക. പ്രതിഷേധ പരിപാടികള്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ മാര്‍ച്ചിലും ധര്‍ണ്ണയിലും പങ്കെടുക്കും.

രാജ്യവ്യാപകമായി ഇന്ധന, പാചകവാതക വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ദിവസത്തെ പ്രധാന പരിപാടികളില്‍ ഒന്നാണ് പെട്രോള്‍, ഡീസല്‍, ഗ്യാസ് വില വര്‍ദ്ധനയെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്.

കേരളത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സമരപരിപാടികളാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. വിലക്കയറ്റ മുക്തഭാരതം എന്ന് മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം. നേരത്തെ മാര്‍ച്ച് 31ന് പൊതുസ്ഥലങ്ങളിലും വീടുകളിലും സിലിണ്ടര്‍ വാഹനങ്ങള്‍ എന്നിവയില്‍ മാല ചാര്‍ത്തി പ്രതിഷേധിച്ചിരുന്നു. ഏപ്രില്‍ 4ന് ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും സമരം നടത്തിയിരുന്നു.

ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും ഇന്ധനവില ദിവസേന കൂട്ടുന്ന്ത് വലിയ തിരിച്ചടിയായിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുതിച്ചുയരുന്നുണ്ട്.

Read more

ഇന്നലെ പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടിയിരുന്നു.പെട്രോളിന് പന്ത്രണ്ട ദിവസത്തിനിടെ കൂട്ടിയത് 10 രൂപ 89 പൈസയും, ഡീസലിന് കൂട്ടിയത് 10 രൂപ 25 പൈസയുമാണ്.