പണിമുടക്കിലും 'പണി' തരാതെ കൊച്ചി മെട്രോ പായും; രാവിലെ ആറു മുതല്‍ സര്‍വീസ് നടത്തും

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നാളെ നടക്കുന്ന വാഹനപണിമുടക്കില്‍ കൊച്ചിക്കാരെ രക്ഷിക്കാന്‍ കൊച്ചി മെട്രോ. കെ.എസ്.ആര്‍.ടി.സി അടക്കമുള്ള എല്ലാ വാഹനങ്ങളും നിരത്തില്‍ ഇറങ്ങാതെ പണിമുടക്കുമ്പോള്‍ കൊച്ചി മെട്രോ പതിവുപോലെ സര്‍വീസ് നടത്തും. നാളെ രാവിലെ ആറിന് പണിമുടക്ക് ആരംഭിക്കുമ്പോള്‍ തന്നെ മെട്രോ സര്‍വീസുകള്‍ ആലുവ മഹാരാജാസ് സ്‌റ്റേഷനുകളില്‍ നിന്ന് ആരംഭിക്കും.

നാളത്തെ പണിമുടക്കില്‍ സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, യു.ടി.യു,സി, എച്ച്.എം.എസ്, എസ്.ടി.യു, ജനതാ ട്രേഡ് യൂണിയന്‍, ടി.യു.സി.ഐ, കെ.ടി.യു.സി എന്നീ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ബസ്, ലോറി, ടാങ്കര്‍, ഡ്രൈവിംഗ് സ്‌ക്കൂള്‍, വര്‍ക്ക് ഷോപ്പ്, സ്‌പെയര്‍ പാര്‍ട്ട്‌സ് ഡീലേഴ്‌സ് തുടങ്ങിയ മേഖലകളിലെ തൊഴിലുടമാ സംഘടനകളും പങ്കുചേരുന്നുണ്ട്. ഓട്ടോറിക്ഷാ, ടാക്‌സി, സ്വകാര്യബസ്, ലോറി , ടാങ്കര്‍ ലോറി സര്‍വ്വീസുകള്‍ക്കൊപ്പം കെ.എസ്.ആര്‍.ടി.സി ബസുകളും നിരത്തിലിറങ്ങില്ല. പാല്‍, പത്രം ആംബുലന്‍സ് ആശുപത്രി തുടങ്ങിയ അത്യാവശ്യ സര്‍വ്വീസുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Read more

നാളത്തെ പണിമുടക്ക് ഒഴിവാക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. എന്നാല്‍, വ്യക്തമായ കാരണങ്ങളില്ലാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് അവധി നല്‍കരുതെന്നും പൊലീസ് സംരക്ഷണത്തോടെ പരമാവധി സര്‍വീസുകള്‍ നടത്തണമെന്നും എം.ഡി ഉത്തരവിട്ടിട്ടുണ്ട്.