ഇന്ധന നികുതിയിലെ അധിക വരുമാനം സര്‍ക്കാര്‍ വേണ്ടെന്ന് വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നികുതി കൂട്ടിയിട്ടില്ലന്ന സംസ്ഥാന വാദം ശരിയല്ല. കേന്ദ്രം നികുതി കൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സന്തോഷിക്കുകയാണ്. കേന്ദ്രം നികുതി കൂട്ടുമ്പോഴേല്ലാം സംസ്ഥാനത്തിന് അധിക വരുമാനം ലഭിക്കുന്നുണ്ട്. 6000 കോടിയുടെ അധികവരുമാനമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം നികുതി കൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന നികുതി സര്‍ക്കാര്‍ വേണ്ടെന്ന് വെക്കണം. എങ്കില്‍ മാത്രമേ നിത്യോപയോഗ സാധനങ്ങളുടെ വില കുറയുകയുള്ളൂ. വിപണികളിലെ സര്‍ക്കാരിന്റെ ഇടപെടല്‍ ദയനീയ പരാജയമാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
തൃക്കാക്കരയ്ക്കുവേണ്ടിയുളള എല്‍ഡിഎഫിന്റെ പ്രകടനപത്രിക കാപട്യമാണ്. ഇടതുസര്‍ക്കാര്‍ കൊച്ചിക്കുവേണ്ടി എന്ത് വികസനമാണ് നടപ്പാക്കിയിട്ടുള്ളത്, കൊച്ചിയുടെ വികസനത്തിനായി ചെറുവിരലനക്കാത്തവരാണ് പ്രകടന പത്രികയിറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ആരെയും രക്ഷപെടുത്താനാകരുതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.