ജി സുധാകരൻ മഹാനായ നേതാവ്; നിലപാട് തിരുത്തി ആലപ്പുഴ ജില്ല സെക്രട്ടറി

ജി സുധാകരനെ താൻ ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും, അദ്ദേഹം നല്ല മന്ത്രിയും, പേരെടുത്തയാളുമാണെന്ന് അഭിപ്രായപെട്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി ആ‍ർ നാസ‍ർ. പാ‍ർട്ടി പരിപാടികളിൽ ജി സുധാകരനെ പങ്കെടുപ്പിക്കുമെന്നും ആർ നാസർ വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശത്തിന് പിന്നാലെയാണ് മുമ്പ് പറഞ്ഞ നിലപാടിൽ നിന്ന് ആർ നാസർ മാറിയത്.

സാധാരണ അംഗമായതിനാലാണ് അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേയ്ക്ക് ജി സുധാകരനെ വിളിക്കാതെയിരുന്നത് എന്ന നിലപാട് നേരത്തെ തന്നെ വിവാദമായിരുന്നു. അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ ജി സുധാകരനെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ ജി സുധാകരനെ ക്ഷണിക്കാത്തതിൽ വിശദീകരണവുമായി ജില്ലാ സെക്രട്ടറി ആർ നാസ‍ർ രം​ഗത്ത് വരികയായിരുന്നു. സുധാകരനെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു ആർ നാസർ വ്യക്തമാക്കിയത്.

വിവാദമായപ്പോൾ ജി സുധാകരൻ പാർട്ടി വിടും എന്നുള്ള ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. ഇതോടെ കോൺ​ഗ്രസും ബിജെപിയുമെല്ലാം സുധാകരനെ അവരുടെ പാ‍ർട്ടികളിലേയ്ക്ക് ക്ഷണിച്ച് രം​ഗത്തെത്തുകയും ചെയ്തിരുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ നിലപാടിനെ എതിർത്ത് സംസ്ഥാന നേതൃത്വം രം​ഗത്തെത്തി. സാധാരണ അം​ഗം എന്ന പ്രയോ​ഗം പാടില്ലെന്നും അ‍ർ‌ഹിക്കുന്ന ആദരവ് നൽകണമെന്നും ജില്ലാ സെക്രട്ടറിയ്ക്ക് സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നി‍ർദ്ദേശം നൽകിയിരുന്നു.

Read more

ജി സുധാകരനെ അവഗണിച്ച സംഭവത്തിന് ശേഷം കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഇത് പാർട്ടിപരമായ ചർച്ചകൾ അല്ലെന്നും സൗഹൃദം പങ്കുവെക്കൽ മാത്രമാണെന്നുമാണ് ഇരുവരും പ്രതികരിച്ചത്. കൂടാതെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും ജി സുധാകരനെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു.