മുൻ മന്ത്രി ജി സുധാകരനെതിരായ സി.പി.എം നടപടിക്ക് ശേഷം ആദ്യമായി പ്രതികരിച്ച് അമ്പലപ്പുഴ എം.എല്‍.എ എച്ച്. സലാം. മാധ്യമ പരിലാളനയിൽ വളർന്ന നേതാവല്ല ജി സുധാകരൻ എന്ന് പറഞ്ഞ എ എച്ച്. സലാം അദ്ദേഹത്തെയും തന്നെയും താരതമ്യപ്പെടുത്തരുതെന്നും പറഞ്ഞു.
എം.എൽ.എ എന്ന നിലയിൽ തനിക്ക് ജി സുധാകരൻ ഒരു മാതൃകയാണ് എന്ന് എച്ച്. സലാം പറഞ്ഞു. നല്ലകാര്യം നടക്കുമ്പോൾ വാർത്ത നൽകി ജി സുധാകരനെ ചുരുക്കി കാണിക്കരുത്. താൻ സുധാകരനെക്കാൾ താഴെ നിൽക്കുന്ന വ്യക്തിയാണെന്നും എച്ച് സലാം വ്യക്തമാക്കി.
അമ്പലപ്പുഴയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിന് ആവശ്യമായ പ്രചാരണം ജി സുധാകരൻ നടത്തിയില്ല എന്ന ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സുധാകരന് വീഴ്ച സംഭവിച്ചു എന്ന് അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടിയെടുത്തത്.
ഇടത് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് ആവശ്യമായ നടപടികളല്ല അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും സിപിഎം സംസ്ഥാന സമിതി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.