'അക്രമികളെ വിടില്ലെന്ന് ഗര്‍ജിക്കുക മാത്രം ചെയ്യുന്നതിലൂടെ അവര്‍ക്ക് കടന്നുകളയാനുള്ള സമയം കിട്ടി, ഭീകരര്‍ രാജ്യത്തിനകത്തു ദീര്‍ഘകാലമായി താമസിച്ചു കൊന്നിട്ടു പോയി'; തിരിച്ചടിക്കാന്‍ ശേഷിയില്ലാത്ത രാജ്യമൊന്നുമല്ലല്ലോയെന്ന് ജി സുധാകരന്‍

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നടപടി സ്വീകരിക്കാതെ അക്രമികളെ വെറുതേ വിടില്ലെന്നു ഗര്‍ജിക്കുക മാത്രം ചെയ്യുന്നതിലൂടെ അക്രമികള്‍ക്കു കടന്നുകളയാനുള്ള സമയം കിട്ടിയെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. തിരിച്ചടിക്കാന്‍ ശേഷിയില്ലാത്ത രാജ്യമൊന്നുമല്ലല്ലോയെന്നും ജി സുധാകരന്‍ പറഞ്ഞു. ഭീകരര്‍ രാജ്യത്തിനകത്തു ദീര്‍ഘകാലമായി താമസിച്ചു വന്നു കൊന്നിട്ടു പോയി. സുരക്ഷയുടെ കാര്യത്തില്‍ ചെറിയ വീഴ്ചയല്ല ഉണ്ടായതെന്നും എന്നിട്ടും അതിന്റെ ധാര്‍മിക ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ലെന്നും മുന്‍മന്ത്രി പറഞ്ഞു. ആക്രമണമുണ്ടായി ഇത്രയും ദിവസമായിട്ടും നടപടി സ്വീകരിക്കാനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊല്ലപ്പെട്ടവരുടെ മൃതദേഹം വീടുകളിലെത്തിക്കുമ്പോള്‍ ബന്ധുക്കള്‍ കരയുന്നതു മനസ്സിലാക്കാം. രാഷ്ട്രീയക്കാര്‍ എന്തിനാണു കരയുന്നതെന്ന ചോദ്യവും ജി സുധാകരനുണ്ട്. മൃതദേഹത്തോടു പരമാവധി ചേര്‍ന്നു നിന്നു ചിത്രം വരുത്താനാണു പല രാഷ്ട്രീയക്കാരുടെയും ശ്രമമെന്നും അതിനപ്പുറമുള്ള കാഴ്ചപ്പാട് രാഷ്ട്രീയക്കാര്‍ക്ക് ഇല്ലെന്നും മുതിര്‍ന്ന സിപിഎം നേതാവ് കുറ്റപ്പെടുത്തി. നയതന്ത്ര തീരുമാനങ്ങള്‍ ഡല്‍ഹിയില്‍ ഇരുന്നു ചെയ്യാവുന്നതല്ലേ ഉള്ളൂവെന്നും രാജ്യരക്ഷ നിയമപരമായി തന്നെ നടപ്പാക്കണമെന്നും ജി സുധാകരന്‍ ചൂണ്ടിക്കാണിച്ചു. ആലപ്പുഴയില്‍ നിയമ സഹായവേദി ജില്ലാ സമിതി രൂപീകരണവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തു ജനാധിപത്യം സമ്പൂര്‍ണമല്ല. ജനപ്രതിനിധിക്കു കുറഞ്ഞത് 50% വോട്ട് വേണമെന്നു പറയുന്നില്ലെന്നതാണു ഭരണഘടനയിലെ വലിയ വീഴ്ച. ഇവിടത്തെ എത്ര ജനപ്രതിനിധികള്‍ക്ക് 50% വോട്ട് ഉണ്ടെന്നു നോക്കണം. പരിഷ്‌കൃത രാജ്യങ്ങളിലെപ്പോലെ കുറഞ്ഞത് 51% വോട്ട് കിട്ടിയാലേ ജയിക്കൂ എന്നു ഭേദഗതി ചെയ്യണം. നിസ്വാര്‍ഥമായ പ്രവര്‍ത്തനം നടത്തുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയാല്‍ തനിക്കെന്തു ലഭിക്കുമെന്നാണു നോക്കുന്നത്.

രാജ്യത്ത് എല്ലാ മതങ്ങളും ദയനീയമായി പരാജയപ്പെടുകയാണെന്നും കൂടുതല്‍ പണം നല്‍കുന്നവര്‍ക്കു കൂടിയ പൂജ ചെയ്യാവുന്ന സ്ഥിതിയാണെന്നും ജി സുധാകരന്‍ പറഞ്ഞു. തങ്ങളെക്കാള്‍ വലിയ ആളുകളായാണു രാഷ്ട്രീയക്കാര്‍ മതനേതാക്കളെ കാണുന്നത്. എന്നിട്ടും എന്തുകൊണ്ടു മതനേതാക്കള്‍ക്കു സമാധാനം കൊണ്ടുവരാനാകുന്നില്ലെന്ന ചോദ്യവും സിപിഎം നേതാവിനുണ്ട്. മതനേതാക്കള്‍, അവരോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ നല്ല മന്ത്രിയാണെന്നു പറയുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Read more

രാജ്യത്തു ജഡ്ജിമാരെയും ജനങ്ങള്‍ വോട്ടു ചെയ്തു തിരഞ്ഞെടുക്കണമെന്ന നിര്‍ദേശവും മുന്‍മന്ത്രിക്കുണ്ട്. സര്‍ക്കാരിനെ തിരഞ്ഞെടുക്കാമെങ്കില്‍ അതിലേറെ അധികാരമുള്ള കോടതികളെയും തിരഞ്ഞെടുക്കാമെന്നതാണ് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ പക്ഷം. കോടതികളില്‍ ഒട്ടേറെ കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്നും സുപ്രീം കോടതി എന്തുകൊണ്ട് ഇടപെടുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. വേണമെങ്കില്‍ കൂടുതല്‍ ജഡ്ജിമാരെ നിയമിക്കുകയോ സ്‌പെഷല്‍ കോടതികള്‍ ആരംഭിക്കുകയോ ചെയ്യണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.