ബ്രാഹ്‌മണര്‍ ദരിദ്രര്‍, കായികാധ്വാനമുള്ള ജോലികള്‍ ചെയ്യാന്‍ സാധിക്കില്ല; കാരണം ജനിതകപരമായ പ്രശ്‌നങ്ങളെന്ന് ജി സുധാകരന്‍

കേരളത്തിലെ ബ്രാഹ്‌മണര്‍ക്ക് കായികാധ്വാനമുള്ള ജോലികള്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. കായികാധ്വാനമുള്ള ജോലികള്‍ ചെയ്യാന്‍ ബ്രാഹ്‌മണര്‍ക്ക് സാധിക്കാത്തതിന് കാരണം ജനിതകപരമായ പ്രശ്‌നങ്ങളാലാണെന്നും ജി സുധാരകന്‍ പറഞ്ഞു.

കേരളത്തിലെ ഭൂരിപക്ഷം ബ്രാഹ്‌മണ കുടുംബങ്ങളും ഇപ്പോള്‍ പട്ടിണിയിലാണ് കേരളത്തില്‍. അവര്‍ക്ക് സ്വന്തമായി ഭൂമിയില്ല. അവര്‍ക്ക് ഒന്നുമില്ല കേരളത്തില്‍. വല്ല സര്‍ക്കാര്‍ ഉദ്യോഗമോ, ക്ഷേത്രങ്ങളിലെ പൂജയോ അല്ലാതെ അവര്‍ക്കെന്താണുള്ളതെന്നും ജി സുധാകരന്‍ ചോദിച്ചു. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുന്‍ മന്ത്രി.

കിളക്കാനും കുഴിക്കാനുമൊന്നും അവര്‍ക്ക് പറ്റില്ല. അത് പരമ്പാരഗതമായിട്ടുള്ള ജനറ്റിക്‌സ് ഡെവലപ്‌മെന്റാണെന്നും ജി സുധാകരന്‍ പറഞ്ഞു. അതേസമയം നേരത്തെ കെപിസിസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന് സുധാകരനെതിരെ സോഷ്യല്‍മീഡിയകളില്‍ ഇടത് അനുകൂലികള്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Read more

ഇതിന് പിന്നാലെയാണ് കേരളത്തിലെ ബ്രാഹ്‌മണര്‍ അതി ദരിദ്രരാണെന്ന പ്രസ്താവനയുമായി സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതുകൂടാതെ ബ്രാഹ്‌മണര്‍ക്ക് കായികാധ്വാനമുള്ള ജോലികള്‍ ചെയ്യാന്‍ സാധിക്കില്ലെന്ന ജി സുധാകരന്റെ പ്രസ്താവന കൂടി എത്തിയതോടെ സൈബറിടങ്ങളില്‍ വീണ്ടും ജി സുധാകരനെതിരെ വിമര്‍ശനം കനക്കുന്നു. വലതുപക്ഷ ഹൈന്ദവ സംഘടനകള്‍ പോലും ചിന്തിക്കാന്‍ മടിക്കുന്ന ഇത്തരം പ്രസ്താവന കൊണ്ട് സുധാകരന്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം എന്തെന്ന ചോദ്യവും ഉയരുന്നു.